'ഞാന്‍ രാഷ്ട്രപതിയെങ്കില്‍ അഭിഭാഷകന് ഭാരതരത്‌ന നല്‍കിയേനെ'; മധുക്കേസിലെ വിധിയിൽ ടി പത്മനാഭന്‍
കണ്ണൂർ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ തങ്കലിപിയിൽ എഴുതിവെക്കേണ്ട ദിവസമാണ് ഇന്നത്തേതെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. അട്ടപ്പാടി മധുവധക്കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയിക്ക് പിന്നാലെയാണ് അദ്ദേഹക്കിന്റെ പ്രതികരണം. താൻ രാഷ്ട്രപതിയായിരുന്നെങ്കിൽ കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന് ഭാരതരത്‌ന സമ്മാനിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
മനുഷ്യ മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്ന അതിക്രൂരമായ സംഭവമാണ് അഞ്ച് കൊല്ലം മുമ്പ് അട്ടപ്പാടിയിൽ നടന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം ഭാരതരത്‌നയാണ്. താനായിരുന്നു ഇന്ത്യൻ രാഷ്ട്രപതിയെങ്കിൽ, അത് ഈ കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് മേനോനായിരുന്നു കൊടുക്കുക. എല്ലാ അർഹതയും അദ്ദേഹത്തിനുണ്ടെന്നും ടി. പത്മനാഭൻ പറഞ്ഞു.

ആദിവാസിയുവാവ് മധുവിനെ മോഷണം ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട്- പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസിൽ 4, 11 പ്രതികളെ വെറുതെവിട്ടു. ഒന്നാം പ്രതി ഹുസൈൻ തന്നെയാണെന്ന് കോടതി കണ്ടെത്തി. മരക്കാർ, ശംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ എന്നിവർക്കെല്ലാം കൃത്യത്തിൽ പങ്കുണ്ടെന്നും കോടതി കണ്ടെത്തി. 13ാം സാക്ഷി സുരേഷിന്റെ മൊഴിയാണ് ഇവരെ എല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്താൻ സഹായിച്ചത്
കേസിൽ 16 പ്രതികളാണ് ഉണ്ടായിരുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. മാർച്ച് പത്തിനാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. നേരത്തെ കേസ് വിധി പറയാൻ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസിൽ 127 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഇതിൽ 24 പേർ കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തുന്നത്.
താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ, കള്ളമല മുക്കാലി കിളയിൽ മരക്കാർ, കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ, മുക്കാലി രാധാകൃഷ്ണൻ, കൽക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ്, ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ, മുക്കാലി പടിഞ്ഞാറെപള്ള കുരിക്കൾ വീട്ടിൽ സിദ്ദീഖ്, കള്ളമല മുക്കാലി തൊട്ടിയിൽ ഉബൈദ് എന്നിവരാണ് കേസിലെ ആദ്യ എട്ട് പ്രതികൾ.
മുക്കാലി വരുത്തിയിൽ നജീബ്, കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ, കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം, കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ്, കള്ളമല മുക്കാലി മുരിക്കട സതീഷ്, മുക്കാലി ചെരുവിൽ ഹരീഷ്, മുക്കാലി ചെരുവിൽ ബിജു, മുക്കാലി വിരുത്തിയിൽ മുനീർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ശിക്ഷ നാളെ.












Click it and Unblock the Notifications