'പുതുപ്പള്ളിയിലെ വിജയം ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമം,പിന്നിൽ അജണ്ട'; മുഹമ്മദ് റിയാസ്
കോഴിക്കോട്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ട്. കേരളത്തിൽ സർക്കാർ ദുൽബലപ്പെട്ടു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.
'ഇതോട് കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്ന രീതിയിൽ ലോകം കീഴകടക്കിയ സംഭവമാക്കാനുള്ള ശ്രമമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ട്. കേരളത്തിൽ എൽ ഡി എഫ് ആകെ ദുർബലപ്പെട്ടു, സർക്കാർ ആകെ പ്രയാസത്തിലാണെന്നൊക്കെ വരുത്തിത്തീർക്കാനുള്ള ശ്രമമാണ്.

ഇത് എല്ലാകാലത്തും ശ്രമിച്ചതാണ്. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആരൊക്കെ ഏതൊക്കെ വകുപ്പിന്റെ മന്ത്രിയാകുമെന്നായിരുന്നു ചർച്ച. യുഡിഎഫിലെ ചർച്ച അതായിരുന്നു. എന്നാൽ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചരിത്രം തിരുത്തി എൽ ഡി എഫ് സർക്കാർ ഭരണത്തുടർച്ച നേടി.
അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്നത് വെറും പ്രചരണമാണ്. എല്ലാം കീഴടക്കി കഴിഞ്ഞു എന്ന മട്ടിലാണ് പോകുന്നത്. ഇത് ഒരുകണക്കിന് ഇത് നല്ലതാണ്. യുഡിഎഫിൽ വലിയ നിലയിൽ അഹങ്കാരവും അധികാരം പങ്കിടുന്ന ചർച്ചകളും വളരും. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ജനവിധി ഞങ്ങൾ മാനിക്കുന്നു.എന്തെങ്കിലും കാര്യങ്ങൾ പരിശോധിക്കാനുണ്ടെങ്കിൽ അത് വിശകലനം ചെയ്യും', മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും വിജയത്തിലെത്തിക്കാനുമുള്ള സംഘടനാശേഷി യു ഡി എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിച്ചുവെന്നായിരുന്നു വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.
ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി യു ഡി എഫിന് നല്‍കിയത്. സ്‌നേഹം കൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു ഡി എഫിന്റെ ചരിത്രവിജയം. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടു ചെയ്തത് പുതുപ്പള്ളിയാണെങ്കിലും ഫലത്തില്‍ പ്രതിഫലിച്ചത് കേരളത്തിന്റെ പൊതുമനസാണ് എന്നും വി ഡി സതീശൻ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications