ആറ്റുകാല്‍ പൊങ്കാല ഇന്ന്, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരം, വന്‍ ഭക്തജനത്തിരക്ക്
തിരുവനന്തപുരം: ഭക്തിമുഖരിതമായ അന്തരീക്ഷത്തില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരത്ത് ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ തിരക്കാണ്. രാവിലെ പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാക്കും. ഉച്ചയ്ക്ക് രണ്ടരക്കാണ് നിവേദ്യം. പൊങ്കാലയോട് അനുബന്ധിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലാകെ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഇന്ന് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുക. തിരക്ക് കണക്കിലെടുത്ത് ആറ്റുകാല്‍ ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയില്‍വേയും കെ എസ് ആര്‍ ടി സിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ദേവി ക്ഷേത്രം.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാല്‍ പൊങ്കാല എന്നതിനാല്‍ തന്നെ ഏറെ പ്രാധാന്യമാണ് ഇന്നത്തെ ചടങ്ങുകള്‍ക്ക് ഉള്ളത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണ് ആറ്റുകാല്‍ പൊങ്കാല. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളി രൂപത്തില്‍ ദേവി ആറ്റുകാലില്‍ കുടി കൊള്ളുന്നു എന്നാണ് വിശ്വാസം. കുംഭത്തിലെ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്ത് ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളാണ് പൊങ്കാല മഹോത്സവം.
ഇതില്‍ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം ആണ് ആറ്റുകാല്‍ പൊങ്കാല ആചരിച്ച് വരുന്നത്. പൊങ്കാലയിട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞ് ദേവിയുടെ അനുഗ്രഹവും ആഗ്രഹ സാഫല്യവുമുണ്ടാവുമെന്നാണ് ഭക്തരുടെ വിശ്വാസം. അതേസമയം പൊങ്കാലയോട് അനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി നാല് ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.
നഗരത്തിലെ 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായിരിക്കും. സമീപത്തുള്ള ആറ് സര്‍ക്കാര്‍ ആശുപത്രികള്‍, പത്ത് സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായും ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജും പ്രവര്‍ത്തിക്കും.












Click it and Unblock the Notifications