‘ചൂടും ഭക്ഷണം കഴിക്കാത്തതൊന്നും പ്രശ്നമല്ല, അതാണല്ലോ യൂണിവേഴ്‌സ് പവർ’; പൊങ്കാലയിട്ട് സ്വാസിക

തിരുവനന്തപുരം: ആറ്റുകാലിൽ ആദ്യമായി പൊങ്കാലയിടാനെത്തി നടി സ്വാസിക. കുടുംബവുമൊന്നിച്ചാണ് താരം എത്തിയത്. വലിയ ആവേശവും ഊർജ്ജവുമായി തനിക്ക് അനുഭവപ്പെടുന്നതെന്ന് നടി പറഞ്ഞു.
'ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ എത്തുന്നത്. ഒരുപാട് കാലമായി കേൾക്കുന്നതാണല്ലോ, തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ പറ്റിയിരുന്നില്ല. ഇന്ന് കുടുംബവുമായി വരാൻ പറ്റി.അമ്മ, ചിറ്റമാര്, അമ്മായിമാര് എല്ലാവരും ഉണ്ട്. വൈകിപ്പോയല്ലോ എന്ന സങ്കടമാണ്. ഒരുപാട് ആഗ്രഹങ്ങൾ, പ്രാർത്ഥനകൾ, എന്നത് കൊണ്ടായിരിക്കുമല്ലോ പലരും പൊങ്കാല ഇടുന്നത്. എല്ലാവരുടെ മനസിലും ആ പ്രതീക്ഷയുണ്ടാകും അടുത്ത പൊങ്കാല ആകുമ്പോഴേക്കും അമ്മയത് നടത്തി തരുമെന്നത്. ഇത്രയും ആളുകളുടെ കൂടെ വലിയൊരു ഊർജമാണ് കിട്ടുന്നത്. കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ ഊർജം ഒപ്പമുണ്ടാകും എന്നാണ് കരുതുന്നത്.
രണ്ട് അരിവച്ചിട്ടുള്ള പായസമാണ് ഞാൻ തയാറാക്കുന്നത്. പലതരം നേർച്ചകൾ ഉണ്ട്, അതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇനിയും അമ്മയ്ക്ക് പൊങ്കാലയിടണമെന്ന് തന്നെയാണ് അഗ്രഹം. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ വൈകീട്ടാവട്ടെ എന്നൊക്കെ ആലോചിക്കാറുണ്ട്. എന്നാൽ ഇവിടെ അതൊന്നും പ്രശ്നമല്ല, എല്ലാവരും വലിയ ക്യൂ നിൽക്കുകയാണ്. ഭക്ഷണം കഴിക്കാൻ പറ്റില്ല. അതാണല്ലോ യൂനിവേഴ്സ് പവർ എന്ന് പറയുന്നത്'- സ്വാസിക പറഞ്ഞു.












Click it and Unblock the Notifications