പൊങ്കാല കഴിഞ്ഞു, പോര് തുടങ്ങി; മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെച്ചൊല്ലി തിരുവനന്തപുരം നഗരസഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നഗരസഭയ്ക്ക് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ സർക്കാർ കൃത്യമായി ഇടപെടുക തന്നെ ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഇടറോഡുകളിലും ക്ഷേത്ര പരിസരത്തും മാലിന്യം കിടക്കുന്നതാണ് വിവാദത്തിന് കാരണമായത്. നഗരം അന്നുതന്നെ വൃത്തിയാക്കിയെന്ന കോർപ്പറേഷന്റെ അവകാശവാദം തെറ്റാണെന്നും ഇതിൽ അന്വേഷണം നടത്തുമെന്നും മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടുന്നത്. എല്ലാ കാര്യങ്ങളും ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അത് ആരുടെയും തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ശുചീകരണ പ്രവർത്തനങ്ങൾ വൈകുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ അതോ ബോധപൂർവമായ ശ്രമമാണോ എന്ന് പരിശോധിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. മാലിന്യനീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൗൺസിലർമാരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ ഭരണകക്ഷിയായ സിപിഎം രാഷ്ട്രീയ ലാഭത്തിനായി പ്രശ്നങ്ങൾ പെരുപ്പിച്ചു കാട്ടുകയാണെന്നാണ് ബിജെപി നയിക്കുന്ന നഗരസഭയുടെ ആരോപണം.
പൊങ്കാലയ്ക്ക് മുൻപ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും പിന്നീട് പാർക്കിംഗ് ഫീസ് പിരിക്കുന്നതിലും നഗരസഭയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ശുചീകരണത്തെച്ചൊല്ലിയുള്ള പുതിയ പോര്. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഡിവൈഎഫ്ഐ നേരിട്ട് ശുചീകരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.












Click it and Unblock the Notifications