ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട്
ബിഗ് ബോസ് സീസണ്‍ 7 വിന്നറായ ശേഷം മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാണ് അനുമോള്‍. വലിയ പ്രേക്ഷക പിന്തുണയോടെയാണ് അനുമോള്‍ ബിഗ് ബോസില്‍ വിജയിയായത്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അനുമോള്‍ സ്ത്രീ പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചത്. അതേസമയം പിആറിന്റെ ബലത്തിലാണ് അനുമോള്‍ വിജയിച്ചതെന്ന വിവാദങ്ങളും ഉയര്‍ന്നിരുന്നു. എങ്കിലും അനുമോള്‍ നല്ലൊരു ഗെയിമറാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രേക്ഷകരുടെ വലിയ പിന്തുണയുണ്ടായിരുന്ന കോമണറായ അനീഷിനെ പിന്തള്ളിയാണ് അനുമോള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇപ്പോഴിതാ, തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തിയ അനുമോളുടെ വാക്കുകളാണ് ഓണ്‍ലൈനില്‍ വൈറലാകുന്നത്. എല്ലാ വര്‍ഷവും താന്‍ പൊങ്കാലയിടാറുണ്ടെന്ന് അനുമോള്‍ പറഞ്ഞു. എല്ലാ വര്‍ഷത്തെയും പോലെ ഭക്തരുടെ നല്ല തിരക്കുണ്ട്. ഇതെല്ലാം കാണുമ്പോള്‍ തന്നെ വളരെ സന്തോഷമുണ്ട്. തിരുവനന്തപുരംകാരിയായതില്‍ അഭിമാനിക്കുന്നു. എല്ലാവരും വന്ന് ചോദിക്കാറുണ്ട്, എവിടുന്നാ വരുന്നതെന്ന്. എന്റെ വീട് ഇവിടുന്ന് ഒരു അഞ്ച് കിലോമീറ്റര്‍ അകലെയാണ്.

ഒരു വര്‍ഷത്തെ കലണ്ടര്‍ കൈയില്‍ കിട്ടുമ്പോള്‍ തന്നെ ആദ്യം നോക്കുന്നത് ആറ്റുകാല്‍ പൊങ്കാല എന്നണെന്നാണ്. അതു മാര്‍ക്ക് ചെയ്തിടും. പൊങ്കാല ദിവസം ഒരു പ്രോഗ്രാമും പിടിക്കാറില്ല. എല്ലാ വര്‍ഷവും ഓരോ ആഗ്രഹം മനസില്‍ വച്ചാണ് പൊങ്കാലയിടുന്നത്. ഞാന്‍ ആഗ്രഹം ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിക്കുന്നു. അമ്മ അത് നടത്തിത്തരുന്നു.
ചെറിയ പ്രായം മുതല്‍ പൊങ്കാലയിടാന്‍ തുടങ്ങിയതാണ്. കുഞ്ഞിലേ അമ്മ പൊങ്കാലയിടുമ്പോള്‍ എനിക്കു കൂടി ഒരു കലത്തില്‍ ഇടാറുണ്ട്. മനസില്‍ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പ്രാര്‍ത്ഥിച്ചോളൂ, ആറ്റുകാലമ്മ നടത്തിത്തരും എന്ന് അമ്മ പറയാറുണ്ട്. പിന്നീട് അറിവായപ്പോള്‍ പൊങ്കാലയിടുമ്പോള്‍ ഓരോ വര്‍ഷവും ഓരോ ആഗ്രഹങ്ങള്‍ പറയും. അമ്മ അത് സാധിച്ചു തരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
ബിഗ് ബോസ് വിജയിയാകണമെന്ന് അമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല. ബിഗ് ബോസില്‍ എന്നെ 100 ദിവസം നിര്‍ത്തണം എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. അത് നടന്നു. അതിനു മുന്‍പും ഒരു ആഗ്രഹമുണ്ടായിരുന്നു. ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട്. അതെല്ലാം അമ്മ നടത്തി തരും എന്ന് ഉറപ്പുണ്ട്. എനിക്ക് മണ്ടപ്പുറ്റ് ഭയങ്കര ഇഷ്ടമാണ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ദേവിക്ക് സമര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് മണ്ടപ്പുറ്റ്. ആറ്റുകാല പൊങ്കാലയ്ക്ക് മാത്രമാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഇതിനു വേണ്ടി കാത്തിരിക്കും. ഭയങ്കര ടേസ്റ്റാണ്. പൊങ്കാലയിടാന്‍ പറ്റാത്തവര്‍ക്കൊക്കെ കൊണ്ടു കൊടുക്കും. അവര്‍ക്കും ഭയങ്കര ഇഷ്ടമാണ് - അനുമോള്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications