ആറ്റുകാൽ പൊങ്കാല: പൊങ്കാല ദിവസമായ മാർച്ച് 13 ന് പ്രാദേശിക അവധി, വിശദവിവരം
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയിൽ ബാങ്കുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. പൊങ്കാല ദിവസമായ മാർച്ച് 13 ന് ജില്ലയ്ക്ക് അവധി നൽകുന്നതിന് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു.
ഉത്സവ ദിവസങ്ങളിലും പ്രത്യേകിച്ച് പൊങ്കാല ദിവസത്തിൽ ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളിൽ നിന്ന് വിളക്കുകെട്ടുമായി വരുന്നവർ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഉത്സവങ്ങളിൽ നിർബന്ധിത പിരിവ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണി, കുടി വെള്ളക്ഷാമം, ഓടകൾ വൃത്തിയാക്കാൽ, ടോയ്ലറ്റ് സംവിധാനങ്ങൾ, മാലിന്യ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ വാർഡ് കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല:
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13 നാണ് പൊങ്കാല. 13 ന് രാവിലെ 10. 15 ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1. 15 ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവ ദിനമായ മാർച്ച് 5 ന് കാപ്പകെട്ടി കുടിയിരുത്ത്.
7 ന് കുത്തിയോട്ട വ്രതാരംഭംയ ഏഴാം ഉത്സവ ദിനമായ മാർച്ച് 11 ന് ദേവിദർശനം രാവിലെ 7. 30 മുതൽ മാത്രമായിരിക്കും. 13 ന് രാത്രി 7. 45 ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽകുത്തുന്ന ചടങ്ങ്. രാത്രി 11. 15 ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14 ന് രാത്രി 10 ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരു മണിക്ക് കുരുതിതർപ്പണവും നടത്തും.












Click it and Unblock the Notifications