ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് തുടക്കം: 18 സ്പെഷ്യൽ ട്രെയിനുകൾ, 179 സിസിടിവി ക്യാമറകൾ, വിപുലമായ ഒരുക്കങ്ങൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരിക്കുന്നതോടെയാണ് ഉത്സവത്തിന് തുടക്കം. വൈകീട്ട് 6 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിത പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്കാരം ഡോ. കെ ഓമനക്കുട്ടിയ്ക്ക് സമർപ്പിക്കും. 13 നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ആറ്റുകാൽ പൊങ്കാല ഉത്സവുമായി ബന്ധപ്പെട്ട് 18 സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകും. നാല് ട്രെയിനുകൾ നാഗർക്കോയിൽ സൈഡിലേക്കും 14 ട്രെയിനുകൾ കൊവ്വം ഭാഗത്തേക്കുമായി ക്രമീകരിച്ചിട്ടുണ്ട്. ചെയിൻ സർവീസായി 20 ബസ്സുകൾ ഈസ്റ്റ് ഫോർട്ടിൽ നിന്ന് ക്ഷേത്രവുമായി ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ കെ എസ് ആർ ടി സി ചെയ്തിട്ടുണ്ട്.

പൊങ്കാല ദിവസം ഏഴുന്നൂറോളം ബസ്സുകൾ തിരുവനന്തപുരം നഗരത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
പൊങ്കാലയോടനുബന്ധിച്ച് 10 റോഡുകളുടെ പണികളാണ് നടത്തിവന്നിരുന്നത്. അതിൽ 9 റോഡുകളുടെ പണികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ബണ്ട് റോഡിന്റെ പണികളാണ് പൂർത്തിയാക്കാനുള്ളത്. അത് രണ്ടു ദിവസത്തിനുള്ള പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയിൽ തന്നെ ഉത്സവകാര്യങ്ങൾ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും.












Click it and Unblock the Notifications