കൊച്ചിയില്‍ 13 കാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: സാക്ഷര കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ബാലികാവിവാഹത്തിന് ശ്രമം. മെട്രോ നഗരമായ കൊച്ചിയിലാണ് സംഭവം. 13 കാരിയായ പെണ്‍കുട്ടിയുടെ വിവാഹമാണ് നടത്താന്‍ ശ്രമിച്ചത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനടുത്തുള്ള ഫ്‌ലാറ്റില്‍ വച്ചായിരുന്നു വിവാഹം നടത്താന്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടേയും സാമൂഹിക നീതി വകുപ്പിന്റേയും പോലീസിന്‍റേയും തക്ക സമയത്തെ ഇടപെടലാണ് വിവാഹം തടസ്സപ്പെടുത്തിയത്.

ഇസ്മായില്‍ സേഠ് എന്ന വ്യക്തിയാണ് 13 കാരിയായ മകളെ മംഗലാപുരം സ്വദേശിക്ക് വിവാഹം കഴിപ്പിച്ച് നല്‍കാന്‍ ശ്രമിച്ചത്. സേഠ് മലയാളിയല്ല. എന്നാല്‍ 25 വര്‍ഷമായി കേരളത്തിലാണ് താമസം. ഭാര്യ മലയാളിയാണ്.
ആറ് പെണ്‍മക്കളില്‍ നാലാമത്തെ കുട്ടിയുടെ വിവാഹമാണ് ഇപ്പോള്‍ തടഞ്ഞത്. മൂന്ന് പെണ്‍കുട്ടികളേയും 13 വയസ്സില്‍ വിവാഹം കഴിപ്പിച്ചയച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 18 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം ഹറാമാണെന്നാണത്രെ ഇസ്മായില്‍ സേഠ് പറഞ്ഞത്.
ഇയാളുടെ കുട്ടികള്‍ക്ക് കൃത്യമായ വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല. മതവിദ്യാഭ്യാസം മാത്രമാണത്രെ നല്‍കിയിട്ടുള്ളത്. പുറത്ത് വിട്ടാല്‍ കുട്ടികള്‍ ചീത്തയാകുമെന്നാണ് സേഠ് പറയുന്നത്. അതുകൊണ്ട് ആവശ്യത്തിന് വിദ്യാഭ്യാസം വീട്ടില്‍ വച്ച് നല്‍കുന്നുണ്ടെന്നും ഇയാള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. ആഡംബര ഫ്‌ലാറ്റിലാണ് താമസമെങ്കിലും വീട്ടില്‍ ടീവിയോ മൊബൈല്‍ ഫോണോ ഇല്ല.
കുട്ടിയുടെ വിവാഹമല്ല, വിവാഹ നിശ്ചയമാണ് നടത്താനിരുന്നതെന്നാണ് സേഠ് നല്‍കിയ മൊഴി. എന്നാല്‍ ഇത് അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല. പല സ്ഥലങ്ങളില്‍ വച്ചാണ് മൂത്ത കുട്ടികളുടെ വിവാഹം നടത്തിയിരുന്നത് . അതുകൊണ്ട് താമസം മാറുകയാണെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് ഫ്‌ലാറ്റ് ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications