ഉറങ്ങിക്കിടന്ന വനിതാടെക്കിയെ ജനലിലൂടെ കടന്നുപിടിച്ചു: വെട്ടിലായത് ഓട്ടോ ഡ്രൈവര്‍, ഫോട്ടോ പുറത്ത്?
കുളത്തൂർ: ഉറങ്ങിക്കിടന്ന വനിതാ ടെക്കിക്ക് നേരെ അർദ്ധരാത്രിയിൽ അതിക്രമം കാട്ടിയശേഷം കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറെ തുമ്പ പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോ സ്റ്റാന്റിൽ കയറാതെ കഴക്കൂട്ടത്തും പരിസരങ്ങളിലുമായി ഓട്ടോ ഓടിക്കുന്ന കഴക്കൂട്ടം കിഴക്കുംഭാഗം പുതുവൽ പുത്തൻവീട്ടിൽ മുരുകേശൻ (40 ) ആണ് പിടിയിലായത്. കഴക്കൂട്ടം റെയിൽവെ സ്‌റ്റേഷന് സമീപത്ത് വനിതാ ടെക്കികൾ പേയി൦ഗ് ഗസ്റ്റുകളായി താമസിക്കുന്ന വീടിന്റെ മുകൾ നിലയിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച സംഭവത്തിലാണ് അറസ്റ്റ്. ടെക്കിയുടെ റൂം മേറ്റ് നാട്ടിൽ പോയ തക്കത്തിന് മതിൽ ചാടിക്കടന്ന് രണ്ടാം നിലയിലെത്തിയാണ് യുവതിയോട് ഇയാൾ അതിക്രമം കാട്ടിയത്.

ജനലിനുള്ളിലൂടെ കൈയിട്ടു, ടെക്കി ഞെട്ടിയെഴുന്നേറ്റു
ചൊവ്വാഴ്ച രാത്രി 12.45 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് സമീപം വനിതാ ടെക്കികൾ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ ഉറങ്ങിക്കിടന്ന യുവതിയെ തുറന്നു കിടന്ന ജനാലയിലൂടെയാണ് ഇയാൾ കടന്നുപിടിച്ചത്. ഒപ്പം താമസിക്കുന്ന യുവതി നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ യുവതി തനിച്ചായിരുന്നു. പെട്ടെന്ന് ഞെട്ടിയെഴുന്നറ്റ ഇവർ ബഹളം വച്ചെങ്കിലും സമീപത്തെ താമസക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബഹളം വച്ചിട്ടും പിൻവാങ്ങാതിരുന്ന മുരുകേശൻ വാതിൽ ചവിട്ടിത്തുറക്കാനും ശ്രമിച്ചു.

സഹികെട്ട യുവതി കത്തികൊണ്ട് കുത്തി
ജനാലയിലൂടെ വീണ്ടും അതിക്രമത്തിന് ശ്രമിച്ചപ്പോൾ യുവതി ചെറിയ കത്തികൊണ്ട് അക്രമിയുടെ കൈയിൽ കുത്തി. തുടർന്ന് മൊബൈലിൽ ഇയാളുടെ ചിത്രവും പകർത്തി. സംഭവം പന്തികേടാണെന്ന് മനസിലാക്കിയ അക്രമി പിൻവാങ്ങുകയായിരുന്നു. ഈ സമയം വീട്ടുടമയെ മൊബൈൽ ഫോണിൽ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. അടുത്ത ദിവസം മൊബൈലിൽ പകർത്തിയ അക്രമിയുടെ ചിത്രം സഹിതമാണ് യുവതി പൊലീസിന് പരാതി നൽകിയത്.

വീടിന് മുകളില്‍ കയറിയത് പപ്പായ മരത്തിലൂടെ
റോഡിൽ ഓട്ടോ ഒതുക്കിയിട്ടശേഷം സമീപത്തെ പുരയിടത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്നാണ് ഇയാൾ ടെക്കികൾ താമസിക്കുന്ന വീട്ടിലെത്തിയത്. അവിടെ മതിലിനോട് ചേർന്ന് നിന്ന പപ്പായ മരത്തിലൂടെ വീടിന്റെ രണ്ടാം നിലയിലെത്തുകയായിരുന്നു. കുറെ നാളുകളായി മുരുകേശൻ കഴക്കൂട്ടത്തും പരിസരത്തും ഓട്ടോ ഓടിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. തുമ്പ എസ്ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ എഎസ്ഐ ഷാജഹാൻ, ക്രൈം എസ്ഐ കുമാരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുു.












Click it and Unblock the Notifications