നാല് പേർ പുലർച്ചെ ഓടിയെത്തി ഓട്ടം വിളിച്ചു; 25 വയസിൽ താഴെ പ്രായം; അഭിമന്യു വധത്തിൽ നിർണായക മൊഴി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഓട്ടോറിക്ഷ ഡ്രൈവർ. കൊലപാതകം നടത്തിയതിന് ശേഷം പ്രതികൾ രക്ഷപെട്ടത് തന്റെ ഓട്ടോറിക്ഷയിലാണെന്ന് കേസിലെ പ്രധാന സാക്ഷിയായ ഡ്രൈവർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
പുലർച്ചെ ഒരു മണിയോടെ ജോസ് ജംഗ്ഷനിലെത്തി ഓട്ടോ വിളിച്ച ഇവർ തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘം പരിഭ്രാന്തരായിരുന്നുവെന്നും ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി.

നാല് പേർ
നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാൾക്ക് ഷർട്ട് ഇല്ലായിരുന്നു. സംശയം തോന്നി അന്വേഷിച്ചപ്പോൾ ഫുട്ബോൾ മത്സരം കാണുന്നതിനിടെ വഴക്കുണ്ടായതാണെന്ന് പറഞ്ഞു. തോപ്പുംപടിയിലാണ് നാൽവർസംഘം ഇറങ്ങിയത്. ഇവർ തോപ്പുംപടി സ്വദേശികളാകാൻ സാധ്യതയുണ്ട്. എല്ലാവർക്കും 25 വയസിൽ താഴെ മാത്രമാണ് പ്രായം തോന്നിക്കുന്നതെന്നും ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി.

ഭയന്നിരുന്നു
ഓട്ടോയിൽ കയറിയപ്പോൾ മുതൽ എല്ലാവരും അസ്വസ്ഥരായിരുന്നു. നാലുപേരും ഭയപ്പെട്ടിരിക്കുന്നതായി തോന്നി. യാത്രയ്ക്കിടെ ഒരാൾ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കൊലയാളികൾക്ക് അഭിമന്യുവിനെ അടയാളം കാണിച്ച് കൊടുത്തത് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി തന്നെയാണെന്ന് അറസ്റ്റിലായ ഒരു പ്രതി ഇന്നലെ മൊഴി നൽകിയിരുന്നു.

തിരികെയെത്തിയപ്പോൾ
തോപ്പുംപടിയിൽ നാൽവർസംഘത്തെ ഇറക്കി തിരികെയെത്തിയപ്പോഴാണ് മഹാരാജാസിലെ സംഭവങ്ങളെ കുറിച്ച് അറിയുന്നത്. ഉടൻ തന്നെ സംശയം പോലീസിനെ അറിയിച്ചു. തന്നെയും കൂട്ടി തോപ്പുംപടിയിലെത്തിയ പോലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്നും ഇയാൾ പറഞ്ഞു. തോപ്പുംപടി പെട്രോൾ പമ്പിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഘം ഇത് പരിശോധിച്ചിട്ടുണ്ടെന്നും സാക്ഷി വെളിപ്പെടുത്തി.

ഫോണിൽ വിളിച്ചത്
കൊലപാതകം നടന്ന ദിവസം രാവിലെ മുതൽ അഭിമന്യുവിനെ തുടർച്ചയായി ഫോണിൽ വിളിച്ചത് ഒന്നാം പ്രതി മുഹമ്മദാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വട്ടവടയിലെത്തിയ അഭിമന്യുവിനെ ആരോ തുടർച്ചയായി ഫോണിൽ വിളിച്ചിരുന്നതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമന്യുവിന്റെ ഫോൺ രേഖകൾ സൈബർ സെൽ പരിസോധിക്കുന്നുണ്ട്.

2 പേർ കൂടി
പ്രതികൾക്ക് സഹായം ചെയ്ത് നൽകിയ 2 പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എസ് ഡി പിഐ പ്രവർത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ചുള്ളിക്കൽ സ്വദേശ് ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന മഹാരാജാസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി മുഹമ്മദിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളിലും റെയിൽ വേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 6 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications