ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം; സമരവുമായി ഓട്ടോ തൊഴിലാളികള്‍, 4 വര്‍ഷമായി ഒരേ കൂലി
കോഴിക്കോട്: സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. മിനിമം ചാര്‍ജ് അമ്പത് രൂപയാക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഓട്ടോ ഡ്രൈവര്‍മാരുടെ സംഘടന നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ അനുകൂലമായ പ്രതികരണം ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
സര്‍ക്കാര്‍ അധികാരമേറ്റ് ജനപ്രിയ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ കൂലി വര്‍ധനയ്ക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ല. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സൗജന്യ യാത്ര ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഈ വേളയില്‍ ചാര്‍ജ് കൂട്ടുന്നത് ജനവികാരം എതിരാകുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്.

എന്നാല്‍ സമരത്തിലേക്ക് കടക്കാനാണ് ഓട്ടോ തൊഴിലാളികളുടെ നീക്കം. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും കളക്ട്രേറ്റ് മാര്‍ച്ചുമാണ് തീരുമാനിച്ചിരിക്കുന്നത്. മിനിമം കൂലി നിലവില്‍ 30 രൂപയാണ്. ഇത് 50 രൂപയാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. മാത്രമല്ല, മിനിമം കൂലിയുടെ ദൂരപരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം ഈടാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
നിലവില്‍ മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 22.50 രൂപയാണ് ഈടാക്കുന്നത്. അപ്പ് ആന്റ് ഡൗണ്‍ യാത്രയ്ക്ക് കിലോമീറ്ററിന് 15 രൂപയാണ്. ജീവിതച്ചെലവ് വര്‍ധിച്ചിട്ടും നിരക്ക് കൂട്ടാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചതും സിഎന്‍ജി കിട്ടാനില്ലാത്തതുമെല്ലാം അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ഓട്ടോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒറ്റയടിക്ക് 50 രൂപയാക്കി മിനിമം ചാര്‍ജ് ഉയര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്. സമരം ശക്തമാകുകയാണെങ്കില്‍ നേരിയ വര്‍ധനവിനാണ് നിലവില്‍ സാധ്യത. ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമാണ് സമരം.
സിഐടിയു, ആള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളാണ് സമരവുമായി രംഗത്തുവരുന്നത്. ഈ മാസം 16ന് സെക്രട്ടേറിയറ്റിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തും. എല്ലാ കളക്ട്രേറ്റിലേക്കും അന്നേ ദിവസം മാര്‍ച്ച് നടത്താനും സിഐടിയു തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ നിരക്ക് കൂട്ടിയാല്‍ ബസ് ഉടമകളും നിരക്ക് വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കൂ.















Click it and Unblock the Notifications