ഓട്ടോ ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചു; 24 മണിക്കൂര്‍ സമരം നാളെ മുതല്‍, മിനിമം കൂലി 50 രൂപ ആക്കുമോ?
സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. നിലവിലെ നിരക്കുകള്‍ അപര്യാപ്തമാണ്. നിരക്ക് വര്‍ധിപ്പിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. 24 മണിക്കൂര്‍ പണിമുടക്ക് സൂചനാ സമരമാണ്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന വ്യാപക സമരം ആയതിനാല്‍ ജനജീവിതത്തെ ബാധിക്കും. ഇന്ധന വില വര്‍ധിച്ചു, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിച്ചു, ജീവിതച്ചെലവ് കൂടി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓട്ടോ തൊഴിലാളികള്‍ സമരം നടത്തുന്നത്. തമിഴ്‌നാട്ടില്‍ ഓട്ടോ കൂലി വര്‍ധിപപ്പിച്ച കാര്യവും അവര്‍ എടുത്തു പറയുന്നു.

നിലവില്‍ സംസ്ഥാനത്ത് മിനിമം ഓട്ടോ ചാര്‍ജ് 30 രൂപയാണ്. ഇത് വര്‍ധിപ്പിക്കണം എന്നാണ് ആവശ്യം. തമിഴ്‌നാട്ടില്‍ അടുത്തിടെ മിനിമം കൂലി 50 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സമാനമായ വര്‍ധനവ് തന്നെയാണ് കേരളത്തിലെ തൊഴിലാളികളും ആവശ്യപ്പെടുന്നത്. ഗതാഗത മന്ത്രി സിപി ജോണ്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല എന്ന ആരോപണവും ഓട്ടോ തൊഴിലാളികള്‍ക്കുണ്ട്.
സെക്രട്ടേറിയറ്റിന് മുന്നില്‍ നേരത്തെ ഓട്ടോ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. നാലര വര്‍ഷത്തിനിടെ പത്തിലേറെ തവണ ഇന്ധന വില വര്‍ധിച്ചു. നിരക്ക് വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് കത്ത് നല്‍കിയിരുന്നു. നിലവിലെ മന്ത്രി സിപി ജോണ്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ല. നിലവിലെ വരുമാനത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായി എന്നും തൊഴിലാളികള്‍ പറയുന്നു. പണിമുടക്ക് ദിനത്തില്‍ ജില്ലാ തലത്തില്‍ പ്രകടനം നടത്തും.


Click it and Unblock the Notifications
