മിനിമം ചാര്‍ജ്ജ് 25 രൂപയാക്കണം തലസ്ഥാനത്തും ഓട്ടോ ടാക്സി പണിമുടക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ടാക്സി പണിമുടക്ക് തുടങ്ങി. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 11 ന് ഓട്ടോ ടാക്സി പണിമുടക്ക് നടത്തിരുന്നു. എന്നാല്‍ ഓണാഘോഷ സമാപന ഘോഷയാത്ര നടക്കുന്നതിനാല്‍ തലസ്ഥാനത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് സെപ്റ്റംബര്‍ 12 ന് തലസ്ഥാനത്ത് പണിമുടക്ക് തുടങ്ങിയത്.
സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും നഗരത്തിലെ ആശുപത്രികളിലേയ്ക്കും പോകാന്‍ മറ്റ് ജില്ലകളില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലും ബസ്റ്റാന്‍ഡിലും എത്തിയ യാത്രക്കാരെയാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. പണമുടക്കാണെന്ന് അറിയാത്തവരും കുറവല്ല.

സൂചന പണിമുടക്കിനെത്തുടര്‍ന്ന് ചാര്‍ജ്ജ് വര്‍ദ്ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്നാണ് സംയുക്ത സമര സമിതി അറിയിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ഓട്ടോകളുടെ മിനിമം ചാര്‍ജ്ജ് 25 രൂപയും കിലോമീറ്ററിന് 15 രൂപയും ആക്കുക.. കാറുകള്‍ക്ക് മിനിമം നിരക്ക് 250 രൂപയും കിലോമീറ്റര്‍ നിരക്ക് 20 രൂപയും ആയി വര്‍ദ്ധിപ്പിയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യം.












Click it and Unblock the Notifications