'സിഡി' യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്താം: സോളാറില്‍ വെളിപ്പെടുത്തലുമായി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ
തിരുവനന്തപുരം: സോളാർ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ നിർണ്ണായകമായ വെളിപ്പെടുത്തലുമായി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷി പുറത്തിറങ്ങി. തട്ടിപ്പും വഞ്ചനയും വ്യാജ രേഖ ചമയ്ക്കലുമെല്ലാം അശ്ലീലം കൂടി കലർത്തി തന്നെ വേട്ടയാടുകയായിരുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ പറയുന്നത്.
സോളാർ കേസ് മഹാപർവ്വതമാക്കി മാറ്റിയ മണ്‍പുറ്റായിരുന്നുവെന്ന് പറയുന്ന അദ്ദേഹം തന്റെ മരണ ശേഷം മാത്രമേ ചിലപ്പോള്‍ സത്യം പുറത്ത് വരുള്ളു എന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട തന്നെ നിരന്തരം വേട്ടയാടിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

ബിജു രാധാകൃഷ്ണന്‍ മറ്റൊരാള്‍ക്കൊപ്പമായിരുന്നു തന്നെ വന്ന് കണ്ടത്. പരമാവധി എട്ട് മിനുട്ട് മാത്രമായിരുന്നു ഞങ്ങള്‍ തമ്മില്‍ സംസാരിച്ചത്. എന്നാല്‍ ഈ സംഭവം ഓരോരുത്തരുടേയും ഭാവനയ്ക്ക് അനുസരിച്ച് ഒരു മണിക്കൂറും രണ്ട് മണിക്കൂറുമൊക്കെയാക്കി മാറ്റി. കെബി ഗണേഷ് കുമാറിന് അഭിമാനക്ഷതം വരുത്തരുതെന്ന നിർബന്ധം ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ പറയുന്നു.
തന്റെ ഒരു സഹപ്രവർത്തകനെ പറ്റി ഗുരുതരമായ ആരോപണങ്ങളാണ് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചത്. ആ സമയത്ത് തന്റെ സഹപ്രവർത്തകനും കുടുംബത്തിനും അഭിമാനക്ഷതം ഉണ്ടാകാതിരിക്കണം എന്ന് താന്‍ ആഗ്രഹിച്ചു. ഒരുപാട് ആരോപണങ്ങള്‍ തന്നെ വിഴുങ്ങാനായി പിന്നീട് വാ പിളർത്തി എത്തിയപ്പോഴും ചില കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ആത്മകഥയില്‍ മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഒരു കുറ്റാരോപിതയുടെ, അതായത് പലവട്ടം മൊഴികള്‍ മാറ്റിപ്പറയുന്നയാളെന്ന് കോടതി തന്നെ നിരീക്ഷിച്ചയാളുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയെടുത്ത് തന്നെ വേട്ടയാടി. സമാനമായ പശ്ചാത്തലമുള്ള മറ്റൊരാളുടെ വാക്ക് വിശ്വസിച്ച് സിഡി തേടി കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. സിപിഎം തനിക്കെതിരെ നിരന്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ കുറിക്കുന്നു.
അതേസമയം, നിയമസഭയില്‍ സോളാർ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ ചർച്ച പുരോഗമിക്കുകയാണ്. നട്ടാൽക്കുരുക്കാത്ത പച്ചക്കള്ളങ്ങൾ കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആ വേട്ടയാടലില്‍ പങ്കുളള മുഴുവന്‍ ആളുകളും ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറയാതെ സഭയില്‍ ഈ ചര്‍ച്ച അവസാനിപ്പിക്കരുത്. ഒരു കത്തിന്റെ പുറത്താണ് ആരോപണങ്ങള്‍ അദ്ദേഹത്തിന് എതിരെ തിരിച്ച് വിട്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications