ലേ ഹൈവേയിൽ ഹിമപാതം; ഏഴ് മരണം. 5 പേർക്ക് പരിക്ക്..രക്ഷാപ്രവർത്തനം തുടരുന്നു
ശ്രീനഗർ-ലേ ഹൈവേയിൽ ഉണ്ടായ ഹിമപാതത്തിൽ ഏഴ് മരണം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. സോജില പാസിന്റെ ലഡാക്ക് ഭാഗത്താണ് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായത്. ഹിമപാതം രൂക്ഷമായതോടെ നിരവധി വാഹനങ്ങൾ മേഖലയിൽ കുടുങ്ങി. അപകടത്തെത്തുടർന്ന് ഹൈവേ പൂർണ്ണമായി അടച്ചു. അപകടത്തിൽ പെട്ടവരെ രക്ഷിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള രക്ഷാപ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചു.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) സംഘങ്ങളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മഞ്ഞിനടിയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സാഹചര്യം നേരിട്ട് നിരീക്ഷിക്കുകയാണെന്ന് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു.

'സോജിലയിലെ മഞ്ഞുവീഴ്ചയുടെ ദാരുണവാർത്ത അറിഞ്ഞു. കാർഗിൽ ഡിസിക്കും എസ്എസ്പിക്കും ഉടൻ സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും ബിആർഒയും ഉൾപ്പെടെ എല്ലാ സർക്കാർ ഏജൻസികളും അതീവ ജാഗ്രതയിലാണ്', അദ്ദേഹം പറഞ്ഞു.
എൻഎച്ച്-1 എന്നറിയപ്പെടുന്ന ശ്രീനഗർ-ലേ ഹൈവേ, ശ്രീനഗറിനെയും ലേയെയും ബന്ധിപ്പിക്കുന്ന 434 കിലോമീറ്റർ പാതയാണ്. 11,575 അടി ഉയരത്തിലുള്ള സോജില പാസിലൂടെ കടന്നുപോകുന്ന ഈ വഴി മനോഹരമായ കാഴ്ചകൾക്കും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിക്കും പ്രശസ്തമാണ്.
കനത്ത മഞ്ഞുവീഴ്ചയും അപകടകരമായ ഭൂപ്രകൃതിയും കാരണം ശൈത്യകാലത്ത് ഈ ഹൈവേയിലെ ഗതാഗതം പതിവായി തടസ്സപ്പെടാറുണ്ട്. ഇതിന് ശാശ്വത പരിഹാരമായി, സോജില പാസിൽ വലിയൊരു തുരങ്കം നിലവിൽ നിർമ്മാണത്തിലാണ്.
തുരങ്കം പൂർത്തിയാകുന്നതോടെ ലഡാക്കിന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി എല്ലാ കാലാവസ്ഥയിലും സുരക്ഷിതമായ ഗതാഗത ബന്ധം സാധ്യമാകും. 14.2 കിലോമീറ്റർ നീളവും 9.5 മീറ്റർ വീതിയുമുള്ള ഒറ്റ ട്യൂബ്, രണ്ട് വരി പാതയാണിത്. 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില തുരങ്കം ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കമായി മാറും.












Click it and Unblock the Notifications