അയോധ്യ വിധി; സുപ്രീംകോടതി വിധി അതീവ ദുഃഖകരമെന്ന് സമസ്ത
മലപ്പുറം: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമാണെന്ന് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചു. വിധി അതീവദുഃഖമുണ്ടാക്കുന്നുവെന്നും എന്നാല്‍ സുപ്രീംകോടതിയുടെ വിധി മാനിക്കുന്നുവെന്നും സമുദായ ഐക്യം പുലരാന്‍ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയേയും ഭരണഘടനയെയുമൊക്കെ മാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന സംഘടനയാണ് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ. അതുകൊണ്ട് ആ വിധി അംഗീകരിക്കുന്നു. ഇവിടെ സാമുദായികമായിട്ടോ മതപരമായിട്ടോ ഏതെങ്കിലും തരത്തിലുള്ള കലാപത്തിനോ സമസ്ത ഒരിക്കലും ശ്രമിക്കില്ല. സാമുദായിക ഐക്യം തകരുന്ന ഒരുതരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടുള്ളതല്ലെന്നും മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയര്‍മാനും ഇകെ വിഭാഗം സുന്നിയുടെ സമുന്നത നേതാവുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 'സുപ്രീം കോടതി വിധി മാനിക്കുന്നു. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തും. കോടതി വിധിയുമായി ബന്ധപ്പെട്ട് ആരും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിച്ച് സമാധാനം ഉണ്ടാക്കാണം. '- ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications