കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കിച്ചു നില്‍ക്കാനില്ല, മുന്നോട്ടു നടക്കാനുണ്ട്- അയോധ്യയില്‍ മുനവ്വറലി തങ്ങള്‍ക്ക് പറയാനുള്ളത്

Google Oneindia Malayalam News

കോഴിക്കോട്: ദശാബ്ദങ്ങളായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന അയോധ്യ തര്‍ക്കത്തിന് സുപ്രീംകോടതി അന്ത്യം കുറിച്ചിരിക്കുന്നു. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കി. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ നല്‍കാനും വിധിച്ചിരിക്കുന്നു. വിധിയോട് യോജിക്കുന്നവര്‍ ഏറെയാണ്. വിയോജിക്കുന്നവരും ഏറെയുണ്ട്.

ഈ സാഹചര്യത്തില്‍ രാഷ്ട്രീയ-മത നേതാക്കള്‍ സമാധാന ആഹ്വാനവുമായി രംഗത്തുവന്നു. വിധിയെ ഉള്‍ക്കൊള്ളുന്നുവെന്നാണ് മിക്കയാളുകളും പ്രതികരിച്ചത്. വിയോജിപ്പോടെ വിധിയെ അംഗീകരിച്ച നേതാക്കളുമുണ്ട്. വിധിയില്‍ ന്യായമില്ല എന്നു പറയുന്നവരും കുറവല്ല. ഈ വേളയിലാണ് കേരള മുസ്ലിം നേതൃത്വങ്ങളുടെ പ്രധാന ശബ്ദമായ പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രതികരണവുമായി മനവ്വറലി തങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

പിടിച്ചുകുലിക്കിയ അധ്യായത്തിന് തിരശ്ശീല

പിടിച്ചുകുലിക്കിയ അധ്യായത്തിന് തിരശ്ശീല

ബാബരി മസ്ജിദ് പ്രശ്നത്തില്‍ സുപ്രിം കോടതി ഒരു പരിഹാരത്തില്‍ എത്തിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രശ്നം എന്ന നിലയില്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. സുപ്രിം കോടതി വിധിയെ മാനിക്കുക എന്നതാണ് ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തം. ന്യായമായ വിയോജിപ്പുകള്‍ നിയമപരമായി ഉന്നയിക്കാനുള്ള അവസരങ്ങളും ഭരണഘടന നല്‍കുന്നുണ്ട്.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍

എല്ലാ വിശ്വാസ, ആചാരങ്ങളെയും മാനിച്ചുകൊണ്ടും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഭരണഘടനാ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ പരിഹാരങ്ങള്‍ക്കൊപ്പം മധ്യസ്ഥ ശ്രമങ്ങള്‍ക്കുള്ള വാതിലുകളും കോടതി തുറന്നിട്ടിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വിധി പുറത്തുവന്നിരിക്കുന്നത്.

ആര് തോറ്റു, ആര് ജയിച്ചു

ആര് തോറ്റു, ആര് ജയിച്ചു

ആര് തോറ്റു, ആര് ജയിച്ചു എന്നതിനേക്കാള്‍ കാലങ്ങളായി ഇന്ത്യയെ കാര്‍ന്നു തിന്നിരുന്ന ഒരു വ്യാധിയുടെ കാര്യത്തില്‍ പരമോന്നത കോടതി തീര്‍പ്പു കല്‍പിച്ചു എന്നതാണ് കാര്യം. വിധിയുമായി ബന്ധപ്പെട്ട് കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ വളരെ പ്രസക്തമാണ്. കാലങ്ങളായി സംഘ്പരിവാര്‍ നടത്തിവരുന്ന കള്ളപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഈ നിരീക്ഷണങ്ങള്‍.

രണ്ടു നിരീക്ഷണങ്ങള്‍

രണ്ടു നിരീക്ഷണങ്ങള്‍

1949ല്‍ പള്ളിക്കകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചതാണ് ഇതിലൊരു കാര്യം. ഇത് സ്വയംഭൂവാണെന്ന വാദം ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവര്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയിരുന്നത്. മറ്റൊന്ന് 1992ലെ പള്ളി തകര്‍ക്കലാണ്. ഇതു രണ്ടും സുപ്രിംകോടതിയുടെ വിലക്കുകളെ ലംഘിക്കുന്ന അതിക്രമങ്ങളായിരുന്നു എന്ന് സുപ്രിം കോടതി കണ്ടെത്തി.

ക്ഷേത്രം തകര്‍ത്തെന്ന് ഉറപ്പിക്കാനാകില്ല

ക്ഷേത്രം തകര്‍ത്തെന്ന് ഉറപ്പിക്കാനാകില്ല

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാതെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ബാബരി മസ്ജിദ് പണിതത് ഒരു ഹിന്ദു നിര്‍മ്മിതിക്കു മുകളിലാണെന്നാണ് പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. എന്നാല്‍ അത് ക്ഷേത്രമാണോ എന്ന കാര്യം വ്യക്തമല്ല. അതുകൊണ്ട് ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിലൂടെ...

ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിലൂടെ...

പള്ളി ഒരുകാലത്തും മുസ്ലിംകള്‍ ഉപേക്ഷിച്ചിരുന്നില്ല. രാമജന്മ ഭൂമിയാണെന്ന വിശ്വാസത്തെയോ മുസ്ലിംകളുടെ പള്ളിയാണെന്ന വിശ്വാസത്തെയോ കോടതി തള്ളിക്കളഞ്ഞില്ല. പള്ളിക്കകത്ത് മുസ്ലിംകളും പുറത്ത് ഹിന്ദുക്കളും ആരാധന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അലഹബാദ് കോടതി ചെയ്ത പോലെ മസ്ജിദ് നില്‍ക്കുന്ന സ്ഥലം ഭാഗിക്കുമോ എന്നാണ് എല്ലാവരും കരുതിയത്. തല്‍സ്ഥാനത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിലൂടെ സമാധാനത്തോടെ പ്രശ്നം പരിഹരിക്കുക എന്നതായിരിക്കണം സുപ്രിം കോടതി ലക്ഷ്യമിട്ടത്.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം...

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം...

ഇന്ത്യയിലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കോടതിവിധിയില്‍ അതൃപ്തിയും നിരാശയുമുണ്ട്. പക്ഷേ, പരമോന്നത കോടതിയുടെ വിധിയെ മാനിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും മുസ്ലിംലീഗ് ഉള്‍പ്പെടെ നിരവധി സംഘടനകളും കോടതി വിധി മാനിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

ഇരട്ടി സ്ഥലം മുസ്ലിംകള്‍ക്ക്

ഇരട്ടി സ്ഥലം മുസ്ലിംകള്‍ക്ക്

വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കുന്നുണ്ട്. മുസ്ലിംകള്‍ക്ക് നഷ്ടമായ ഭൂമിക്ക് പകരം ഇരട്ടി സ്ഥലം നല്‍കാനാണ് കോടതിയുടെ വിധി. ഇരു കൂട്ടരെയും പരിഗണിക്കുക എന്നതായിരിക്കാം ഈ വിധികൊണ്ട് ലക്ഷ്യമാക്കുന്നത്. എന്തായാലും രാജ്യത്തെ നിയമ വ്യവസ്ഥയെ അനുസരിച്ച് ജീവിക്കുന്ന ജനസമൂഹം എന്ന നിലയില്‍ ഈ വിധിയെ മാനിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ഉചിതം.

അന്ന് നാം മാതൃക കാട്ടി...

അന്ന് നാം മാതൃക കാട്ടി...

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ചെറിയൊരു തീപ്പൊരി പോലും വീഴാതെ കേരളം കാത്തുസൂക്ഷിച്ച ഒരു പാരമ്പര്യമുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് ആ കൊടിയ വേദനയുടെ ഘട്ടത്തിലും പ്രകോപനങ്ങളെ അതിജയിച്ച് നാം മാതൃക കാട്ടിയത്. സുപ്രിം കോടതി വിധി എന്തായാലും അതിനെ സംയമനത്തോടെ നേരിടണമെന്ന് വിധി വരുന്നതിനു മുമ്പു തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും മുസ്ലിം നേതാക്കളും പ്രസ്താവിച്ചിരുന്നു. കേരളം ആ പാരമ്പര്യത്തെ കാത്തുകൊണ്ടു തന്നെയാണ് മുന്നോട്ടു പോകുന്നത് എന്നതില്‍ സന്തോഷമുണ്ട്.

അവര്‍ ചെയ്ത കുറ്റം

അവര്‍ ചെയ്ത കുറ്റം

രാജ്യത്തെ ഹിന്ദുവെന്നും മുസ്ലിമെന്നും രണ്ടായി മുറിച്ച് ഭരിച്ചു തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അനായാസം രാജ്യം കീഴടക്കാനുള്ള തന്ത്രമായിരുന്നു ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍. ബാബരി മസ്ജിദും അതിന്റെ ബാക്കിപത്രമായിരുന്നു. ഒരു വിഭാഗത്തില്‍നിന്ന് അവകാശവാദം ഉയര്‍ന്നപ്പോള്‍ ഇരുവിഭാഗത്തിനും ആരാധനക്ക് അവസരം നല്‍കി എന്നതാണ് അന്ന് അവര്‍ ചെയ്ത കുറ്റം. അതിന്റെ പരിണിത ഫലമാണ് പിന്നീട് രാജ്യം അനുഭവിച്ചത്. വിദ്വേഷത്തിന്റെ കനലുകള്‍ ഊതിക്കത്തിക്കാന്‍ ധാരാളം ആളുകളുമുണ്ടായി. അധികാരത്തിലേക്കുള്ള ചവിട്ടു പടിയായിട്ടാണ് അവര്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്തിയത്.

മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല

മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല

രാജ്യം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തെ മുസ്ലിംകള്‍ ഇപ്പോഴും പിന്നാക്കത്തിന്റെ ഭാണ്ഡവും പേറിയാണ് ജീവിക്കുന്നത്. അന്നന്നത്തെ അന്നത്തിനു വകയില്ലാതെ ലക്ഷങ്ങള്‍ കഴിയുന്ന മണ്ണാണ് ഇന്ത്യ. ഈ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ഗുണാത്മക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയണം. ബാബരി മസ്ജിദ് മുസ്ലിംകളുടെ പ്രശ്നം എന്നതിനേക്കാള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രശ്നമായിരുന്നു. അതുമായി ബന്ധപ്പെട്ട വിധി മതേതരത്വത്തില്‍ വിശ്വസിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്.

നടന്നുതീര്‍ക്കാന്‍ ഒരുപാടുണ്ട്

നടന്നുതീര്‍ക്കാന്‍ ഒരുപാടുണ്ട്

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പള്ളി പോലുമില്ലാത്ത, നിസ്‌കരിക്കാന്‍ അറിയാത്ത, പേരിനു മാത്രം മുസ്ലിം സ്വത്വം പേറുന്ന എത്രയോ ആളുകള്‍ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ട്. ബാബരി മസ്ജിദാനന്തരം നമ്മുടെ ചര്‍ച്ചകള്‍ അവരുടെ അതിജീവനത്തിലേക്ക് വഴിമാറണം. ഒരു ബാബരിക്കു പകരം ശോചനീയാവസ്ഥയിലുള്ള ആയിരം പള്ളികള്‍ നന്നാക്കാനും ആരാധനക്കൊപ്പം വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അവരെ പ്രാപ്തമാക്കാനുമുള്ള പദ്ധതികളുണ്ടാവണം. ആലോചിച്ചോ തര്‍ക്കിച്ചോ നില്‍ക്കാന്‍ നേരമില്ല. നടന്നുതീര്‍ക്കാന്‍ ഒരുപാടുണ്ട്. നാം മുന്നോട്ടു തന്നെയാണ്.

English summary
Ayodhya Verdict: Munavvar Ali Shihab Thangal Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X