ചെങ്കൊടിയാണേ കട്ടായം, സഖാക്കള്‍ വരത്തരെ വിടില്ല... പരിഹാസ കുറിപ്പുമായി ആസാദ്
മലപ്പുറം: സിപിഎം നേതാവ് അരുണ്‍ കുമാറിന് മറുപടിയുമായി സാമൂഹിക നിരീക്ഷകന്‍ ഡോ. ആസാദ്. സില്‍വര്‍ ലൈന്‍ കല്ലിടല്‍ സമരം തടഞ്ഞ വിഷയത്തിലാണ് പ്രതികരണം. കല്ലിടല്‍ തടയാനെത്തിയ വരത്താന്‍മാരെ നാട്ടുകാര്‍ തല്ലിയോടിച്ചു എന്ന ചിത്രം ഷെയര്‍ ചെയ്ത അഡ്വ. കെഎസ് അരുണ്‍കുമാറിന് പഴയ നേതാക്കളുടെയും തൊഴിലാളി യൂണിയനുകളുടെയും സമരങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു ആസാദിന്റെ മറുപടി. ഒരു സമര നേതാക്കളും സ്വന്തം ആവശ്യത്തിനും സ്വന്തം നാട്ടിലും മാത്രം സമരം ചെയ്തവരായിരുന്നില്ലെന്ന് ആസാദ് ഓര്‍മിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലിടലിനെ എതിര്‍ക്കുന്നവരെ നേരിടാന്‍ സിപിഎം രംഗത്തു രംഗവന്നത് ചര്‍ച്ചയായിുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ആസാദിന്റെ പ്രതികരണം....

അമരാവതിയിലും മുടവന്‍ മുകളിലും
അയ്യപ്പന്‍കോവിലിലും എ കെ ഗോപാലന്‍ വരത്തനാണ്. ഗുരുവായൂരിലും വൈക്കത്തും കുറെ വരത്തന്മാരുണ്ടായിരുന്നു. കൃഷ്ണപിള്ളയ്ക്കു തല്ലു കിട്ടിയത് അങ്ങനെയാണ്. എ കെ ജിയെ തല്ലിയതും നാടു വിട്ട് എന്തിന് ദൂരെപ്പോണം എന്നു ചോദിച്ചാണ്. പൊക്കന്റെ കുടുംബം ഇ എം എസ്സിനോടും ചോദിച്ചിരുന്നു. എന്തിനാണ് ഇങ്ങുപോന്നത്. നാട്ടിലെ വിപ്ലവം ഒക്കെ കഴിഞ്ഞതാണോ വരത്തരേ എന്ന്.
വരത്തരാണോ തല്ലു കൊള്ളും. ഓരോ പ്രശ്‌നത്തിലും അതിലുള്‍ക്കൊള്ളുന്നവരേ പ്രതികരിക്കാവൂ. പുറത്തുള്ളവര്‍ തള്ളാന്‍ വരരുത്! പുതിയ നയം അങ്ങനെയാണത്രെ. എ കെ ഗോപാലന്‍ ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ പുതിയ സഖാക്കള്‍ തല്ലിക്കൊല്ലില്ലെന്ന് ഒരുറപ്പുമില്ല. ദില്ലിയിലായതുകൊണ്ട് ബൃന്ദയും രാജസ്ഥാനില്‍ ആയതുകൊണ്ട് അമ്രാറാമും തമിഴ്‌നാട്ടിലായതുകൊണ്ട് ബാലകൃഷ്ണനും മഹാരാഷ്ട്രയിലായതുകൊണ്ട് അശോക് ധൗളയും ജീവിച്ചുപോകുന്നു. അവരുടെ സമരവും വേലത്തരവും കേരളത്തില്‍ വിലപ്പോവില്ലെന്ന് ഉറപ്പ്. ചെങ്കൊടിയാണേ കട്ടായം, സഖാക്കള്‍ വരത്തരെ വിടില്ല.
നമ്മുടെ ട്രേഡ് യൂണിയനുകളുടെയൊക്കെ പ്രസിഡണ്ടുമാര്‍ അതേ കമ്പനിയില്‍ അതേ തൊഴിലെടുക്കുന്നവരാണേ! അല്ലെങ്കില്‍ വരത്തരാവില്ലേ! കര്‍ഷകത്തൊഴിലാളിയുടെ സമരത്തില്‍ കമ്പനിത്തൊഴിലാളി പങ്കെടുക്കില്ല. മിച്ചഭൂമി സമരത്തില്‍ ഭൂമിയുള്ള ആരെങ്കിലും പങ്കെടുത്തു കണ്ടിട്ടുണ്ടോ? പൊതുപണിമുടക്കുകളില്‍ പ്രഖ്യാപിച്ച തൊഴിലാളികളല്ലാതെ ഒരാളും പങ്കെടുത്തുപോകരുത് എന്നു നേരത്തേ പറയാറുണ്ടല്ലോ. വരത്തന്മാരെ സമരമുഖത്തു കണ്ടാല്‍ സഹിക്കില്ല. അടിയുണ്ടാകുന്നതു വെറുതെയാണോ? ക്ഷണിച്ചുവരുത്തുകയല്ലേ?
എ കെ ഗോപാലനോ, അതാരാണ്? അയാള്‍ക്ക് മറ്റൊരിടത്തെ പ്രശ്‌നത്തില്‍ എന്തുകാര്യം എന്നു ചോദിക്കാത്ത കൃഷ്ണപിള്ളയൊക്കെ എന്തു പാര്‍ട്ടി സെക്രട്ടറി? വരത്തന്മാര്‍ ഗോ ബാക്! കോര്‍പറേറ്റ് വികസനം നീണാള്‍ വാഴട്ടെ! സമ്പത്തെല്ലാം അദാനിക്ക്. സ്വകാര്യവത്കരണം വിജയിക്കട്ടെ! നമോ സ്തുതേ വിജയപതാകേ!












Click it and Unblock the Notifications