തൃശൂരില്‍ പുറത്തുനിന്നുള്ളവരുടെ വോട്ട് ചേര്‍ത്തെന്ന് സമ്മതിച്ച് ഗോപാലകൃഷ്ണന്‍, 'ഇനിയും ചെയ്യും'
തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. ജയിക്കാന്‍ വേണ്ടി മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു.
ജയിക്കാന്‍ വേണ്ടി ഇനിയും അത്തരത്തില്‍ വോട്ട് ചേര്‍ക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യു ഡി എഫ്- എല്‍ ഡി എഫ് ആരോപണത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.' അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല എന്നും ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്തരത്തില്‍ വോട്ട് ചേര്‍ക്കണമോ എന്ന് ആ സമയത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കള്ളവോട്ടല്ലെന്നും ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു.
മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത് എന്നും ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിക്കാന്‍ വേണ്ടി വ്യാപകമായി വോട്ട് ചേര്‍ക്കും എന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കുന്നതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ തൃശൂര്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും സിപിഐയും രംഗത്തെത്തിയിരുന്നു.
സുരേഷ് ഗോപിക്കും കുടുംബത്തിനും തൃശൂരില്‍ വോട്ട് ചേര്‍ത്തതായും കണ്ടെത്തിയിരുന്നു. അതേസമയം തൃശൂരിലെ വോട്ടര്‍ പട്ടിക ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടത് എന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞത്. മന്ത്രിയെന്ന തരത്തില്‍ ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications