ദിലീപിനെ സംഘടനയുടെ പേരില്‍ ന്യായീകരിക്കേണ്ട.... സിദ്ദിഖിനെ തള്ളി ബാബുരാജ്!!
കൊച്ചി: സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അമ്മയില്‍ അടിമുടി പൊട്ടിത്തെറി. നടന്‍ ബാബുരാജ് സിദ്ദിഖിനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. സംഘടനയുടെ പേരില്‍ ദിലീപിനെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അത്തരത്തില്‍ പിന്തുണച്ചാല്‍ പരസ്യമായി രംഗത്ത് വരുമെന്നുമാണ് ബാബുരാജിന്റെ മുന്നറിയിപ്പ്. ഇവരുടെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. അതേസമയം ജഗദീഷും രൂക്ഷമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്ന് ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു. സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം അമ്മയുടെ അറിവോടെയല്ലെന്നും ബാബുരാജ് പറയുന്നു.

അമ്മയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇവരുടെ ഓഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിനെയും മറികടന്ന് സൂപ്പര്‍ ബോഡിയാകാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബാബുരാജ് ആരോപിച്ചു. സിദ്ദിഖ് വാര്‍ത്താസമ്മേളനം നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും ബാബുരാജ് ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഴുവന്‍ സിദ്ദിഖ് ദിലീപിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. വ്യക്തിപരമായി ദിലീപിനെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സംഘടനയുടെ പേരില്‍ ഇത് വേണ്ടെന്നും ബാബുരാജും ജഗദീഷും ആവര്‍ത്തിച്ച് പറഞ്ഞു. ഏക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ മറ്റൊരു സൂപ്പര്‍ ബോഡി വേണ്ടെന്നും ഇതിനൊക്കെ പഴി കേള്‍ക്കുന്നത് മോഹന്‍ലാല്‍ ആണെന്നും ബാബുരാജ് പറഞ്ഞു.
ഭീഷണിയുടെ സ്വരം ഇനി അമ്മയില്‍ വിലപ്പോവില്ലെന്ന് ജഗദീഷ് പറയുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അച്ചടക്കം തീര്‍ച്ചയായും വേണം. കരിയര്‍ ഇല്ലായ്മ ചെയ്യുമെന്ന് പറയുന്നത് ഗുണ്ടായിസമാണ്. എല്ലാവരെയും കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. അത് പറയിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്. വരത്തനിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഞാന്‍. പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറി ഉണ്ടാകും. സംഘടനയില്‍ ആര്‍ക്കും വല്യേട്ടന്‍ മനോഭാവം പാടില്ല. അഭിപ്രായം പറയുന്നവരെ വെട്ടിനിരത്താന്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയൊന്നുമല്ലെന്നും ജഗദീഷ് പറഞ്ഞു.












Click it and Unblock the Notifications