'ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം'; മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്നു നടനെതിരെ പരാതി നൽകിയത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി. 2019ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തുവെച്ചും പീഡിപ്പിച്ചെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇമെയിൽ വഴിയായിരുന്നു യുവതി പരാതി നൽകിയത്. തുടർന്ന് പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു.

ബാബുരാജിന്റെ മുൻ റിസോർട്ടിലെ ജീവനക്കാരി കൂടിയായിരുന്നു പരാതിക്കാരി. നേരത്തേ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നടൻ മുൻകൂർ ജാമ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ബലം പ്രയോഗിച്ച് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇത്രയും കാലം പരാതിയുമായി വന്നില്ലെന്നുമായിരുന്നു ബാബുരാജ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയത്. 2019 മുതൽ 2023 മുതൽ പരാതിക്കാരി അയച്ച വാട്സാപ് സന്ദേശങ്ങൾ ഉള്‍പ്പെടെ തെളിവായി ഹാജരാക്കാൻ തയ്യാറാണെന്നും ബാബുരാജ് കോടതിയെ അറിയിച്ചിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും അന്വേഷണവുമായി സഹരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ബാബുരാജ് വ്യക്തമാക്കിയിരുന്നു.
ബാബുരാജിനെ കൂടാതെ നടനും എം എൽ എയുമായ മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു തുടങ്ങിയവർക്കെതിരെയായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ ആരോപണം ഉയർന്നത്. ആലുവ സ്വദേശിയായ നടിയായിരുന്നു ഇവർക്കെതിരെ രംഗത്തെത്തിയത്. നടിയുടെ പരാതിയിൽ ഈ നടൻമാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം താൻ പരാതി പിൻവലിക്കുകയാണെന്ന് നടി അറിയിച്ചിരുന്നു. നേരത്തേ നടിക്കെതിരെ ഒരു പോക്സോ കേസ് ഉയർന്നിരുന്നു. ഇവരുടെ ബന്ധുവായ പെൺകുട്ടി തന്നെയായിരുന്നു പരാതി കൊടുത്തത്. ഈ കേസിൽ തനിക്കൊപ്പം സർക്കാർ നിന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടൻമാർക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് അവർ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അവർ നിലപാട് തിരുത്തി. കേസുമായി മുന്നോട്ട് പോകാനാണ് തൻറെ ഭർത്താവടക്കം ആവശ്യപ്പെട്ടതെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications