വിന്‍സിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിച്ചു, പ്രമുഖ നടനും ഭാര്യയും ലഹരിശൃംഖലയുടെ ഭാഗം: ബൈജു കൊട്ടരക്കര
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. മലയാള സിനിമയില്‍ ലഹരി ഉപയോഗം തുടങ്ങിയിട്ട് നാളേറെയായി എന്നും ലഹരിയെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ വരെ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസ് 18 കേരളയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ പരാതി ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചതാണ് എന്നും പ്രമുഖ നടനും ഭാര്യയും ലഹരി ശൃംഖലയുടെ ഭാഗമാണ് എന്ന് കണ്ടെത്തിയതോടെയാണ് എഡിജിപി മനോജ് എബ്രഹാമിനെ സ്ഥലം മാറ്റിയത് എന്നും അദ്ദേഹം ആരോപിച്ചു. ബൈജു കൊട്ടാരക്കയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'മലയാള സിനിമാരംഗത്ത് നിന്ന് ഇത് പിടികൂടിയിട്ട് നാള് കുറെയായി. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുന്ന അല്ലെങ്കില്‍ ലഹരിയെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ വരെ മലയാളത്തില്‍ ഉണ്ടായി. അന്നൊന്നും ആര്‍ക്കും ഇതൊന്നും പറയണ്ടായിരുന്നു, ചോദിക്കണ്ടായിരുന്നു. അതിങ്ങനെ ലൊക്കേഷനില്‍ വളര്‍ന്ന് വളര്‍ന്ന് കാരവന്‍ സംസ്‌കാരമായി.
കാരവനില്‍ കയറുമ്പോള്‍ സ്റ്റീം എഞ്ചിനില്‍ കയറുന്നതിന് തുല്യമാണ് എന്ന് പല നടീനടന്‍മാരും പറഞ്ഞിട്ടുണ്ട്. അത് ഒരു വശത്ത്. എന്നിട്ടും ആര്‍ക്കും അനക്കമില്ല. 2015 ല്‍ ഷൈന്‍ ടോം ചാക്കോയെ കൊക്കെയ്‌നുമായി പിടിച്ചു. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസാണത്. ആ കേസുമായി അറസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇയാളെ കോടതി വെറുതെ വിട്ടു. അതിന്റെ ജഡ്ജ്‌മെന്റ് വായിച്ച് നോക്കിയാല്‍ വളരെ വ്യക്തമായി അതില്‍ പറയുന്ന ചില കാര്യങ്ങളുണ്ട്.
അതിനകത്ത് പൊലീസിന്റേയും എക്‌സൈസിന്റേയും അനാസ്ഥ വളരെ വ്യക്തമായി പറയുന്നുണ്ട്. അത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പൊലീസും എക്‌സൈസും ആ കേസിനോട് കാണിച്ച അനാസ്ഥ. അതിന് ശേഷം ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി ഇവരെയൊക്കെ എക്‌സൈസ് പിടികൂടുന്നത്. ആ സമയത്ത് വീണ്ടും ഇയാളെ കുറിച്ച് കുറച്ച് ചര്‍ച്ചകള്‍ വന്നു.
ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നൊക്കെ ചര്‍ച്ച വന്നു. ലൊക്കേഷനില്‍ ലഹരി പരിശോധന നടത്തണം എന്ന വന്നപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫെഫ്കയും അതിന്റെ സാരഥികളും പറഞ്ഞത് ലൊക്കേഷനില്‍ ഒരു കാരണവശാലും പരിശോധന നടത്താന്‍ പാടില്ല എന്നാണ്. ഞങ്ങള്‍ അതിനെ ശക്തമായി ചെറുക്കും എന്ന് പറഞ്ഞ ആളുകളാണ്.
അന്ന് നിര്‍മാതാക്കളുടെ അസോസിയേഷനിലെ പല ആളുകളും സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി, ലൊക്കേഷനില്‍ പരിശോധിക്കണം എന്ന് പറഞ്ഞു. ഇത് സത്യസന്ധമായി സിനിമയെടുക്കാന്‍ വരുന്ന, നേരായ മാര്‍ഗത്തില്‍ സിനിമയെടുക്കാന്‍ വരുന്ന ആള്‍ക്കാര്‍ക്ക് അറിയാമായിരുന്നു. എനിക്ക് അതാണ് അറിയാന്‍ കഴിയാത്തത്. ലൊക്കേഷനില്‍ പൊലീസും എക്‌സൈസും കയറിയാല്‍ മാനം ഇടിഞ്ഞ് വീഴുമോ.
അന്ന് പൊലീസോ എക്‌സൈസോ കയറാതിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ ഈ അനുഭവിക്കുന്നത്. ഈ ഷൈന്‍ ടോം ചാക്കോ തന്നെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് സ്വമ്മിംഗ് പൂളിലേക്ക് ചാടിയിറങ്ങി ബൈക്കില്‍ കയറി പൊള്ളാച്ചിയിലേക്ക് പോയ സംഭവം ഈ അടുത്ത ദിവസമുണ്ടായിരുന്നു. എന്നിട്ട് അയാള്‍ തന്നെ റീലുകള്‍ ഒക്കെയിട്ട് മാധ്യമങ്ങളേയും ബാക്കിയെല്ലാ ഡിപ്പാര്‍ട്ടുമെന്റുകളേയും അധിക്ഷേപിക്കുന്ന തരത്തിലാണ് മുന്നോട്ട് പോയത്. അതും ആള്‍ക്കാര്‍ കണ്ട് ചിരിച്ചോണ്ടിരുന്നു. അതിന് ശേഷം ഷൈന്‍ ടോം ചാക്കോ തന്നെ ആ കേസില്‍ നിന്ന് ജാമ്യം നേടി.
വിന്‍സി അലോഷ്യസിന്റെ കേസ് കൂടെ വന്നപ്പോള്‍ അവര്‍ നിയമപരമായി പരാതി കൊടുത്തില്ല, ഒന്നും ചെയ്തില്ല. വിന്‍സി അലോഷ്യസിനെ ആരെങ്കിലും ഭയപ്പെടുത്തിയിരിക്കാം. ഇല്ലെങ്കില്‍ ഇനി മേലില്‍ സിനിമയിലുണ്ടാകില്ല എന്നൊക്കെ പറഞ്ഞ് കൊണ്ട് ആ പെണ്‍കുട്ടിയെ കൊണ്ട് ഈ ആളുകളെല്ലാം ചേര്‍ന്ന് അവരുടെ കേസ് പോലും പിന്‍വലിപ്പിച്ച് പരാതി രമ്യതയിലാക്കി. എന്നിട്ട് ഈ സിനിമയുടെ നിര്‍മാതാവിനെ ഫെഫ്ക എന്ന സംഘടന വിളിച്ച് വരുത്തി.
ഇവര്‍ക്ക് എന്ത് അധികാരമാണ് ഉള്ളത് ഒരു നിര്‍മാതാവിനെ വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍. ഇവരെ ആരാണ് അത് ഏല്‍പ്പിച്ചത്. നിര്‍മാതാക്കളുടെ മേലില്‍ കുതിര കയറാനായോ ടെക്‌നീഷ്യന്‍മാരുടെ സംഘടന. അവര്‍ ക്ഷമിച്ചു എന്ന് പറയുന്നതിന്റെ തലേദിവസം ഷൈന്‍ ടോം ചാക്കോ ഒരു ഇരയെറിഞ്ഞിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയും അവര്‍ സിനിമാ കുടുംബത്തില്‍ നിന്ന് തന്നെയുള്ള ആളുകളാണ്.
അവര്‍ ലഹരി ഉപയോഗിക്കുന്നു, ഇതിന്റെ വിപണനം മറ്റ് സ്ഥലത്തുണ്ട് എന്നൊക്കെ പറയുന്ന വിവരങ്ങള്‍ എഡിജിപി മനോജ് എബ്രഹാമിന് അറിയാം. 26-ാം തിയതി വെച്ച മീറ്റിംഗ് റദ്ദാക്കിയത് എന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ആ പോസ്റ്റില്‍ നിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. ഇത് നമ്മള്‍ പറയുന്നത് പോലെ നിസാരമല്ല. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തൊടുങ്ങുന്നതിന് തൊട്ടുമുമ്പല്ലെ എഡിജിപി ശ്രീജിത്തിനെ മാറ്റിയത്. അത് പോലെ തന്നെയാണ് ഈ കേസും'.












Click it and Unblock the Notifications