'ബൈജു അടിച്ച് ഫിറ്റായിരുന്നു, പുറത്തിറക്കിയത് ബലം പിടിച്ച്': ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ലെന്നും താരം
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റത്തിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ചായിരുന്നു ബൈജു ഓടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല.
നടന്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ' അടിച്ച് ഫിറ്റായിരുന്നു, കാറില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ല, ബലം പിടിച്ചാണ് പുറത്തിറക്കിയത്' എന്നാണ് മനോരമ ന്യൂസ് പുറത്തുവിട്ട ഒരു വീഡിയോയില്‍ പറയുന്നത്.അതേസമയം 'വണ്ടിയൊക്കെ ആകുമ്പോള്‍ തട്ടും, കുഴപ്പം എന്താണ് എന്നായിരുന്നു' ബൈജുവിന്റെ പ്രതികരണം. ഇതൊന്നും കണ്ട് ഞാന്‍ പേടിക്കില്ലെന്നും താരം വ്യക്തമാക്കി.

മ്യൂസിയം പൊലീസാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ബൈജു വൈദ്യ പരിശോധനയ്ക്ക് തയ്യാറായില്ല. അപകടസ്ഥലത്ത് നിന്നും താരത്തെ നേരെ കൊണ്ടുപോയത് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ബ്രെത് അനലൈസർ പരിശോധനയില്‍ പോസിറ്റീവാണ് എന്ന് തെളിഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദ്യ പരിശോധനയ്ക്കായി രക്ത സാമ്പികള്‍ കൊടുക്കാന്‍ താരം തയ്യാറായില്ല. ഇതേ തുടർന്ന് ബൈജുവിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും വൈദ്യപരോശാധന തയ്യാറായില്ലെന്നും വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോർട്ട് ഡോക്ടർ പൊലീസിന് കൈമാറി. ബ്രെത് അനലൈസർ പരിശോധന ഫലത്തിന് നിയമപരമായ സാധുത ഇല്ലെങ്കില്‍ ഡോക്ടറുടെ റിപ്പോർട്ട് മതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അമിത വേഗതയിൽ കാർ ഓടിച്ചുവെന്ന കുറ്റത്തിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബൈജുവിനൊപ്പം ഒരു ബന്ധുവും വാഹനത്തിലുണ്ടായിരുന്നു.
രാത്രി ഒരുമണിയോടെ തന്നെ ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പരിക്കേറ്റ ആള്‍ പരാതി നല്‍കാത്തതും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്നതില്‍ താരത്തിന് സഹായകരമായി. അപകടത്തിന്റെ ആഘാതത്തില്‍ ബൈജുവിന്റെ കാറിന്റെ ടയർ പഞ്ചറായിരുന്നു. പിന്നീട് ബൈജുവിന്റെ ഡ്രൈവറെ വിളിച്ച് വരുത്തി ടയർ മാറ്റിയിട്ടാണ് കാർ സ്റ്റേഷനിലേക്ക് എത്തിച്ചത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശാസ്തമംഗലം ഭാഗത്തുനിന്നും വരികയായിരുന്ന ബൈജുവിന്റെ കാർ കവടിയാർ ഭാഗത്തുനിന്നും വരികയായിരുന്നു സ്കൂട്ടർ യാത്രികനെ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഇടിച്ച കാർ സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. നിയന്ത്രണം വിട്ട കാർ ആദ്യം സ്കൂട്ടറില്‍ ഇടിക്കുകയും അതിന് ശേഷം വീണ്ടും മുന്നോട്ട് പോയി സിഗ്നല് പോസ്റ്റിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ സ്കൂട്ടർ യാത്രികന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റയാള്‍ നിലവില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് താരത്തിനെതിരെ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സ്കൂട്ടർ യാത്രികന്‍ പരാതി നല്‍കുകയാണെങ്കില്‍ അതിന് അനുസരിച്ചുള്ള വകുപ്പുകളും കേസില്‍ കൂട്ടിച്ചേർക്കും












Click it and Unblock the Notifications