കാറില്‍ അച്ഛന്റെ കൂടെയുണ്ടായിരുന്നത് ഞാനല്ല; പേര് വലിച്ചിഴക്കുന്നതിനെതിരെ മകള്‍ ഐശ്വര്യ ബൈജു
തിരുവനന്തപുരം: നടന്‍ ബൈജുവിന്റെ കാർ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മകള്‍ ഐശ്വര്യ സന്തോഷ്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്റെ കാർ അപകടത്തില്‍പ്പെടുമ്പോള്‍ മകളും കൂടെയുണ്ടായിരുന്നു എന്ന തരത്തിലായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകള്‍. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ടാണ് മകള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
അപകട നടക്കുമ്പോള്‍ അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഐശ്വര്യ കുറിക്കുന്നത്. അച്ഛന്റെ ബന്ധുവിന്റെ മകളാണ് കാറില്‍ ഉണ്ടായിരുന്നതെന്നും ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്. "അച്ഛന്റെ കാർ അപകടവുമായി ബന്ധപ്പെട്ട വാർത്തകളില്‍ എന്റെ പേര് വലിച്ചിഴക്കപ്പെടുന്നതായി കണ്ടു. കാറില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാനായിരുന്നില്ല. അത് എന്റെ അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്." ഐശ്വര്യ കുറിച്ചു.

അതേസമയം, ബൈജു മദ്യലഹരിയിലായിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബൈജു ഓടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
ബൈക്ക് യാത്രികനേയും ഇടിച്ച് തെറിപ്പിച്ച ശേഷം മുന്നോട്ട് നീങ്ങിയ കാർ ഒരു പോസ്റ്റിലും ഇടിച്ചാണ് നിന്നത്. അപകടത്തിന് ശേഷം പൊലീസ് ബൈജുവിനെ മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഇവിടെ വെച്ച് ബ്രെത് അനലൈസർ ടെസ്റ്റ് നടത്തുകയും ചെയ്തു. ഈ പരിശോധനയില്‍ പോസിറ്റിവാണ് എന്നെ തെളിഞ്ഞതോടെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ത സാമ്പിള്‍ നല്‍കാന്‍ താരം തയ്യാറായില്ല. എന്നാല്‍ ബൈജുവിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും വൈദ്യപരോശാധന തയ്യാറായില്ലെന്നും വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോർട്ട് പൊലീസിന് ഡോക്ടർ കൈമാറി. രക്ത സാമ്പിള്‍ പരിശോധിച്ചില്ലെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ ഈ റിപ്പോർട്ട് മതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പരിക്കേറ്റയാള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ പൊലീസ് സ്വമേധയാ എടുത്ത കേസില്‍ അമിത വേഗതയിൽ കാർ ഓടിച്ചുവെന്ന കുറ്റത്തിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications