ബലിപെരുന്നാള്‍: കേരളത്തില്‍ രണ്ട് ദിവസം അവധി, മുസ്ലിം സംഘടനാ നേതാക്കളുടെ ആവശ്യം പരിഗണിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാളിന് രണ്ടുദിവസം അവധി. ഈ മാസം 28നാണ് നേരത്തെ പൊതു അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ചാന്ദ്ര മാസപ്പിറവി പരിശോധിക്കുമ്പോള്‍ പെരുന്നാള്‍ 29നാണ്. തുടര്‍ന്നാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുഅവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ബലിപെരുന്നാള്‍ അവധി രണ്ടുദിവസം നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 28ലെ അവധി 29ലേക്ക് മാറ്റാമെന്ന് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. തുടര്‍ന്നാണ് രണ്ടുദിവസവും അവധി നല്‍കാന്‍ തീരുമാനിച്ചത്.

ബലിപെരുന്നാളിന് രണ്ട് ദിവസം അവധി വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി മന്ത്രിസഭ പരിഗണിച്ചു. അറഫ ദിനത്തിന്റെ പ്രാധാന്യം കൂടി സൂചിപ്പിച്ചാണ് നേതാക്കള്‍ ബുധനാഴ്ച അവധി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കുകയാണ്. ഹജ്ജ് കര്‍മത്തിന്റെ പ്രധാന ചടങ്ങാണ് അറഫ സംഗമം. മിനായില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ ഇന്ന് രാവിലെ അറഫയിലേക്ക് എത്തിത്തുടങ്ങി. രാത്രി വരെ അറഫയില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ശേഷം അവര്‍ മുസ്ദലിഫയിലേക്ക് തിരിക്കും.
ബലി കര്‍മമാണ് ബലിപെരുന്നാളിന്റെ പ്രധാന ചടങ്ങ്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബലികര്‍മത്തിലേക്ക് കടക്കും. പ്രവാചകന്മാരായ ഇബ്രാഹീം, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കല്‍ കൂടിയാണ് ബലിയിലൂടെ. അതേസമയം, അവശ്യ വസ്തുക്കളുടെ വില വര്‍ധനവ് ഇത്തവണ പെരുന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications