'ദിലീപിന് ഒപ്പം 7 വര്‍ഷം ബാലു ഉണ്ടായിരുന്നു'; വിചാരണ കഴിഞ്ഞ് ഭാര്യയെ വിളിച്ചു, പറഞ്ഞത് ഇതാണ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് മൂന്ന് ഘട്ടമായി തിരിച്ചാല്‍ രണ്ടാം ഘട്ടത്തിലാണ് ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടത്. അക്രമത്തില്‍ നേരിട്ട് പങ്കാളികളായ ആറ് പേരെയും ഇവരെ സഹായിച്ച ഏഴാമനെയും പ്രതി ചേര്‍ത്തായിരുന്നു ആദ്യ കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് കത്തയച്ചതോടെയാണ് ദിലീപിന്റെ പേര് സജീവമായതും അറസ്റ്റ് രേഖപ്പെടുത്തിയതും.
83 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തില്‍ ഇറങ്ങി. പിന്നീട് കേസ് വിചാരണ തുടങ്ങി. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു സിനിമയുടെ ഭാഗമായി ദിലീപിനൊപ്പം കുറച്ച് കാലം ഒരുമിച്ചുണ്ടായിരുന്ന വ്യക്തിയാണ് ബാലചന്ദ്രകുമാര്‍. ഇന്ന് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ വച്ച് ചിലര്‍ കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിലുള്ളവരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു എന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. അന്നുതന്നെ ഈ വെളിപ്പെടുത്തലില്‍ സംശയവുമായി ചിലര്‍ രംഗത്തുവന്നിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ എവിടെയായിരുന്നു എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ട് എന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപും പള്‍സര്‍ സുനിയും ആലുവയിലെ വീട്ടില്‍ വച്ച് കണ്ടിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പിന്നീട് ഈ വെളിപ്പെടുത്തല്‍ സംബന്ധിച്ച് തുടരന്വേഷണം നടന്നെങ്കിലും ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കി കേസെടുക്കുകയാണ് ചെയ്തത്. വിചാരണ കാലത്ത് അസുഖ ബാധിതനായ ബാലചന്ദ്രകുമാര്‍ മരിച്ചു.
കോടതി വിശ്വാസത്തില്‍ എടുത്തില്ല
ബാലചന്ദ്ര കുമാറിന്റെ മൊഴി കോടതി ഗൗരവത്തില്‍ എടുത്തില്ല. നേരത്തെ പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വിഭിന്നമായ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറയുന്നത് എന്ന് കോടതി കണ്ടെത്തി. പള്‍സര്‍ സുനിയുമായുള്ള ബന്ധം ദിലീപ് രഹസ്യമാക്കിയാണ് വച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. ദിലീപും പള്‍സര്‍ സുനിയും ആലുവയിലെ വീട്ടില്‍ വച്ച് കണ്ടിരുന്നു എന്ന മൊഴി ഇതുമായി ഒത്തുപോകുന്നില്ല എന്നും കോടതി വിലയിരുത്തി.
വിധി വന്ന ശേഷവും നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്് ഐഎഫ്എഫ്‌കെ നടക്കുന്നതിന്റെ ഭാഗമായും 'അവള്‍ക്കൊപ്പം' പ്രതിഷേധം നടന്നു. ഇതില്‍ നടി ഭാഗ്യലക്ഷ്മിക്കൊപ്പം ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയും പങ്കെടുത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഷീബ ആദ്യമായിട്ടാണ് പ്രതികരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ വാക്കുകള്‍
''മൂന്നാമത്തെ ട്രെയല്‍ കഴിഞ്ഞ് ബാലു എന്നെ ഫോണില്‍ വിളിച്ചിരുന്നു. അവര്‍ക്ക് ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ല എന്ന് പറഞ്ഞു. അതുതന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. പ്രതിയെന്ന് പറയുന്ന ആള്‍ക്കൊപ്പം ഏഴ് വര്‍ഷം ഉണ്ടായിരുന്നത് കൊണ്ട് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ബാലുവിന് അറിയാമായിരുന്നു. വിധിയുടെ സമയം അദ്ദേഹമില്ലാതിരുന്നത് നന്നായി എന്ന് തോന്നുന്നു....
ജീവന്‍ നഷ്ടമാകുമെന്ന് മനസിലാക്കി തന്നെയാണ് കേസുമായി മുന്നോട്ട് പോയത്. എന്തുകൊണ്ട് വെളിപ്പെടുത്താന്‍ വൈകി എന്ന് പലരും ചോദിച്ചു. ഞാന്‍ തന്നെയാണ് കാരണം. ഞാനാണ് ബാലുവിനെ പിന്തിരിപ്പിച്ചത്. കാലു പിടിച്ച് കലഞ്ഞ് വൈകിപ്പിച്ചതാണ്. അത് പാടില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഇന്നലെയാണ് ബാലു മരിച്ചിട്ട് ഒരു വര്‍ഷം. നേരത്തെ വന്നിരുന്നു എങ്കില്‍ പല വര്‍ഷങ്ങള്‍ കഴിഞ്ഞുപോകുമായിരുന്നു. അത്രയേ പറയാനുള്ളൂ''- ഇതായിരുന്നു ഷീബയുടെ വാക്കുകള്‍.












Click it and Unblock the Notifications