രാഷ്ട്രീയത്തിലേക്ക് ആദ്യം സ്വാഗതം ചെയ്തത് ഗൗരിയമ്മ; ഓര്‍മ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ശക്തമായ വനിതാ സാന്നിധ്യമായിരുന്നു കെആര്‍ ഗൗരിയമ്മ. വ്യക്തമായ നിലപാടുകളും ധീരതയും അവരെ എക്കാലത്തും വേറിട്ടതാക്കി. സമര രംഗത്തേക്ക് എടുത്തു ചാടുന്ന ഗൗരിയമ്മ ഒരുകാലത്ത് കേരള രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇടതുമുന്നണി ജയിച്ചാല്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് വരെ പ്രചാരണമുണ്ടായി. പക്ഷേ, അങ്ങനെ സംഭവിച്ചില്ല എന്നത് മറ്റൊരു കാര്യം. ഒടുവില്‍ സിപിഎം പുറത്താക്കിയപ്പോള്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ സാന്നിധ്യം അറിയിക്കുകയും ചെയ്തു.
102ാം വയസില്‍ അവര്‍ വിടപറഞ്ഞിരിക്കുന്നു. ഈ വേളയില്‍ ഗൗരിയമ്മയോടൊപ്പമുള്ള പഴയ കാല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പ്രമുഖര്‍. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ കുറിപ്പ് കോളജ് കാലത്തെ അനുഭവം പങ്കുവച്ചുള്ളതാണ്. അതിങ്ങനെ...

എന്റെ ഫോട്ടോ ശേഖരത്തിലേക്ക് ഒരു അപൂര്‍വ്വമായ ഇതള്‍ !
യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായുള്ള എന്റെ കോളേജ് (1973 1974) കാലഘട്ടത്തില്‍ ഗൗരിയമ്മയെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു . ചടങ്ങ് കഴിഞ്ഞു കാറില്‍ കയറുമ്പോള്‍ എന്റെ ചെവിയില്‍ മന്ത്രിച്ചത് ഓര്‍മ്മയിലുണ്ട് ..
'നല്ല ജനകീയനാണല്ലോ ...രാഷ്ട്രീയത്തില്‍ കൂടുന്നോ ? '
ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണ് ....അതില്‍ പിന്നെ , പലപ്പോഴും പല രാഷ്രീയ കക്ഷികളും എന്നെ സജീവ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചുവെങ്കിലും എന്തു കൊണ്ടൊ എനിക്ക് ആ 'പച്ചപ്പ് ' ആകര്‍ഷകമായി തോന്നിയില്ല എന്ന്
മാത്രം ....
കേരളത്തിലെ ആദ്യ വനിതാ മന്ത്രിക്കു എന്റെ ആദരാഞ്ജലികള്‍ ..!












Click it and Unblock the Notifications