വിദ്യാർത്ഥികൾക്ക് വാരിക്കോരി മാർക്ക്; തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്...
എല്ലാ പാഠ്യപദ്ധതികളിൽ നിന്നും തന്റെ രചനകളെ ഒഴിവാക്കണം. തന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുത്.
തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. വാരിക്കോരി മാർക്ക് നൽകി വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും യോഗ്യതയില്ലാത്ത അദ്ധ്യാപകർ മലയാള ഭാഷ പഠിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ പാഠ്യപദ്ധതികളിൽ നിന്നും തന്റെ രചനകളെ ഒഴിവാക്കണം. തന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുത്. അക്കാദമിക് ആവശ്യങ്ങൾക്ക് തന്റെ കവിതയെ ദുർവിനിയോഗം ചെയ്യരുത്- ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടു.

തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ആവശ്യപ്പെടാനിടയായ കാരണങ്ങളെക്കുറിച്ചും ബാലചന്ദ്രൻ ചുള്ളിക്കാട് വിശദീകരിച്ചു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാർക്കു കൊടുത്ത് വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും, അവർക്ക് ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നതാണ് ചുള്ളിക്കാട് പറഞ്ഞ ഒന്നാമത്തെ കാരണം.
ഇതിനു പുറമേ, മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരായ നിയമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങൾക്ക് ഗവേഷണ ബിരുദം നൽകുന്നതും തന്റെ കവിത പഠിപ്പിക്കരുതെന്ന് പറയാനുള്ളതിന്റെ കാരണമായി അദ്ദേഹം വ്യക്തമാക്കുന്നു.












Click it and Unblock the Notifications