ബാങ്ക്അക്കൗണ്ടിന് നോ ടെററിസ്റ്റ് സര്‍ട്ടിഫിക്കറ്റ്
പാലക്കാട്: മുഹമ്മദ് അബ്ദുള്‍ കലാം, തടിയന്റവിട നസീര്‍ എന്നൊക്കെ പേരുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ ഈ പേരുകാര്‍ക്ക് തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ടിവരും. എന്നാല്‍ ഈ നോ - ടെററിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എവിടെ കിട്ടും എന്ന് ചോദിക്കരുത്, അതിന് മറുപടിയുണ്ടാകില്ല.
മേല്‍വിലാസം തിരിച്ചറിയാനുള്ള ഒരു രേഖ, ഐഡന്റിറ്റി തിരിച്ചറിയാനുള്ള രേഖ, ഫോട്ടോകള്‍, ഇത്രയുമുണ്ടെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ തീവ്രവാദികളുടെ പട്ടികയില്‍പ്പെട്ട ആളുകളുടേതിന് സമാനമായ പേരുകാര്‍ അക്കൗണ്ട് തുറക്കാന്‍ വന്നാല്‍ അവര്‍ തീവ്രവാദികളല്ല എന്ന് ഉറപ്പാക്കാനാണ് ജീവനക്കാര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

പൊതുമേഖലാ ബാങ്കുകളിലാണ് അപേക്ഷകര്‍ താന്‍ തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ടി വരിക. മുന്നില്‍ നില്‍ക്കുന്ന അപേക്ഷകന്‍ തീവ്രവാദിയാണോ അല്ലയോ എന്ന് പരിശോധിക്കാനായി സോഫ്റ്റ് വെയറുകളും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രശസ്തരായ തീവ്രവാദികളുടെ പേരുകളാണ് സോഫ്റ്റ് വെയറില്‍ സോര്‍ട്ട് ചെയ്‌തെടുക്കാന്‍ കഴിയുക.
ഏതാണ്ട് ഒരാഴ്ചയോളമായി കാനറാ ബാങ്കിന്റെ സോഫ്റ്റ് വെയറില്‍ പുതിയ സംവിധാനം ഉണ്ട്. അക്കൗണ്ട് തുടങ്ങേണ്ട ആളുകളുടെ പേര് എന്റര്‍ ചെയ്യുമ്പോള്‍ പ്രശ്‌നക്കാരുടെ പേര് എടുത്തുകാട്ടുന്ന വിധമാണ് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം. എന്നാല്‍ മുസ്ലിങ്ങളുടെ പേരാണ് പട്ടികയില്‍ കൂടുതലും ഉള്ളത്. ഇത് മറ്റൊരു വിവാദമാകുമോ എന്ന് കണ്ടറിയണം.
പുതിയ പരിഷ്‌കാരത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സ്വകാര്യ ബാങ്കുകളെ സഹായിക്കാനാണ് എന്നതുമുതല്‍ മുസ്ലിങ്ങളെ ആക്ഷേപിക്കാനാണ് പുതിയ നീക്കം എന്നുവരെ ആരോപണങ്ങളുണ്ട്.












Click it and Unblock the Notifications