ഒന്നും രണ്ടുമല്ല; മെയ് മാസത്തില്‍ 11 ബാങ്ക് അവധി ദിനങ്ങള്‍... ബാങ്ക് ഇല്ലെങ്കില്‍ ഇടപാട് എങ്ങനെ
കൊച്ചി: മെയ് മാസം ബാങ്കുകള്‍ മൂന്നിലൊന്ന് ദിവസം അടഞ്ഞു കിടക്കും. രാജ്യത്ത് മൊത്തം അടയുന്ന കാര്യമല്ല ഈ പറയുന്നത്. എന്നാല്‍ അവധി ദിനങ്ങള്‍ 11 എണ്ണമുണ്ട്. ചില സംസ്ഥാനങ്ങളില്‍ മാറ്റം വരും. ഇത്രയും ദിവസം അവധി വരുമ്പോള്‍ സ്വാഭാവികമായും ഇടപാടുകരാണ് പ്രതിസന്ധിയിലാകുക. എങ്ങനെയാണ് ഈ ദിവസങ്ങളില്‍ ഇടപാട് നടത്തുക എന്ന് വിശദീകരിക്കാം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബാങ്കുകളുടെ അവധി സംബന്ധിച്ച് തീരുമാനമെടുക്കുക. ആര്‍ബിഐയുടെ കലണ്ടര്‍ പട്ടികയില്‍ ഞായര്‍ സ്വാഭാവികമായും അവധിയാണ്. ഇതിന് പുറമെ രണ്ടാം ശനി, നാലാം ശനി എന്നിവയും അവധിയാണ്. ഇതു കൂടാതെയാണ് ഓരോ മേഖലയും തിരിച്ച് ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധികള്‍. ഇതെല്ലാം ചേര്‍ത്താണ് മെയ് മാസത്തില്‍ 11 അവധി വരുന്നത്.

മെയ് മാസം തുടങ്ങുന്ന ആദ്യം ദിനം തന്നെ അവധിയാണ്. മെയ് ദിനം രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവധിയുള്ള ദിവസമാണ്. മഹാരാഷ്ട്രയില്‍ അന്ന് പ്രത്യേക അവധിയുണ്ട്. മഹാരാഷ്ട്ര ദിനം കൂടിയാണ് അന്ന്. ശേഷം ബുദ്ധ പൂര്‍ണിമ, രവീന്ദ്രനാഥ ടാഗോര്‍ ജന്മദിനം, സിക്കിം സ്‌റ്റേറ്റ് ഡേ, മഹാറാണ പ്രതാപ് ജയന്തി എന്നീ അവധി ദിനങ്ങള്‍ കൂടി മെയ് മാസത്തിലുണ്ട്.
മെയ് ദിനത്തില്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, അസം, ആന്ധ്ര, തെലങ്കാന, ബംഗാള്‍, ഗോവ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധിയാകും. മെയ് അഞ്ചിനാണ് ബുദ്ധപൂര്‍ണിമ. അന്ന് ത്രിപുര, മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ജമ്മു, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഡല്‍ഹി, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അവധിയാകും.
മെയ് ഒമ്പതിനാണ് രവീന്ദ്ര നാഥ ടാഗോര്‍ ജന്മദിനം. അന്ന് ബംഗാളില്‍ മാത്രമാകും അവധി. മെയ് 16നാണ് സ്‌റ്റേറ്റ് ഡേ. സിക്കിമില്‍ അന്ന് അവധിയായിരിക്കും. മെയ് 22നാണ് മഹാരാഷ്ട്ര പ്രതാപ് ജയന്തി. ഹിമാചല്‍ പ്രദേശിലാകും അന്ന് അവധി. കേരളത്തില്‍ മെയ് ദിനത്തില്‍ മാത്രമാണ് പ്രത്യേക അവധിയുള്ളത്. കൂടാതെ ഞായറും രണ്ട്, നാല് ശനികളും.
ബാങ്കുകളുടെ അവധി മൂന്ന് തരത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തരംതിരിച്ചിട്ടുള്ളത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികള്‍. കൂടാതെ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേയ്‌സ്, ബാങ്ക് ക്ലോസിങ് ഓഫ് അക്കൗണ്ട്‌സ് എന്നിവയാണവ. ബാങ്കുകള്‍ അവധി വരുമ്പോള്‍ ഇടപാടുകള്‍ എങ്ങനെ നടക്കുമെന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ക്കുണ്ടാകുക. അതിനും പരിഹാരമുണ്ട്.
മൊബൈല്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ് സംവിധാനം ഈ ദിനങ്ങളില്‍ ഉപയോഗിക്കാം. ഈ രീതിയില്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കാന്‍ സാധിക്കും. യുപിഐ സംവിധാനം വഴിയും പണം അയക്കാന്‍ പറ്റും. എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കാനും സൗകര്യമുണ്ടാകും. അതേസമയം, തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നാല്‍ എടിഎമ്മുകള്‍ കാലിയാകാറുണ്ട്. അവധി മുന്‍കൂട്ടി കണ്ട് പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്.












Click it and Unblock the Notifications