കാന്റീനിൽ ബീഫ് നിരോധിച്ച് ബാങ്ക് മാനേജർ; ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാരുടെ പ്രതിഷേധം
കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിൽ ബീഫ് നിരോധിച്ച് ബാങ്ക് മാനേജർ. ബിഹാർ സ്വദേശിയായ മാനേജറാണ് ബാങ്കിന്റെ ഓഫീസിലും കാന്റീനിലും ബീഫ് നിരോധിച്ചത്. സംഭവത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു പ്രതിഷേധം.
അടുത്തിടെയാണ് മേനജർ ചുമതലയേറ്റെടുത്തത്. മാനേജർ തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെതിരെ ബെഫിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജീവനക്കാർ. ഇതിനിടയിലാണ് കാന്റീനിൽ ബീഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാർ അറിയുന്ന്. തുടർന്ന് ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാർ പ്രതിഷേധിക്കുകയായിരുന്നു. ബാങ്കിന്റെ ഓഫീസിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

'ഇവിടെ ഒരു ചെറിയ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്, അവിടെ ചില ദിവസങ്ങളിൽ ബീഫ് വിളമ്പാറുണ്ട്. ബീഫ് ഇനി വിളമ്പരുതെന്ന് മാനേജർ കാന്റീൻ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്ത്യയിൽ ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഞങ്ങൾ ആരെയും ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നില്ല. ബീഫ് ഫെസ്റ്റ് ഞങ്ങളുടെ പ്രതിഷേധമാണ്,' ഫെഡറേഷൻ നേതാവ് എസ്എസ് അനിൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സംഘികളുടെ ഒരു തിട്ടൂരവും കേരളത്തിൽ നടക്കില്ലെന്ന് കെ ടി ജലീൽ എം എൽ എ പ്രതികരിച്ചു. 'എന്ത് ഉടുക്കണം, എന്ത് ഭുജിക്കണം, എന്ത് ചിന്തിക്കണം എന്നതൊന്നും മേലുദ്യോഗസ്ഥർ തീരുമാനിക്കേണ്ടതല്ല. സംഘികളുടെ ഒരു തിട്ടൂരവും കേരളത്തിൽ നടക്കില്ല. ഈ മണ്ണ് ചുവന്നതാണ്. ഈ നാടിൻ്റെ ഹൃദയ നിറം ചുവപ്പാണ്. ഈ ദേശത്തെ മനുഷ്യരുടെ ചിന്തകൾക്ക് ചെമ്പനനീരിൻ്റെ സൗരഭ്യമാണ്. ചെങ്കൊടി പാറിപ്പറക്കുന്ന ദിക്കിൽ ഉൾഭയം കൂടാതെ ഫാഷിസ്റ്റുകൾക്കെതിരെ സംസാരിക്കാം, പ്രവർത്തിക്കാം. ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. കാരണം കമ്മ്യൂണിസ്റ്റുകാർ കൂട്ടിനുള്ളപ്പോൾ കാവിക്കൊടി ഉയർത്തി ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്താൻ സഖാക്കൾ ആരെയും അനുവദിക്കില്ല. അതാണ് ലേകം. അതാണ് ലേകചരിത്രം!', അദ്ദേഹം വ്യക്തമാക്കി.
കന്നുകാലികളെ അറവിനായി വിൽക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ 2017-ൽ പുറത്തിറക്കിയ ഉത്തരവിനെതിരെ സംസ്ഥാനത്ത് സമാനമായ രീതിയിൽ ബീഫ് ഫെസ്റ്റ് നടത്തിയുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.












Click it and Unblock the Notifications