പണം മാറാന്‍ പരിഭ്രാന്തരായി ജനം; സംസ്ഥാനത്തെ ബാങ്കുകളും പോസ്‌റ്റോഫീസുകളും ഞായറാഴ്ച പ്രവര്‍ത്തിക്കും
ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് പോസ്റ്റ് ഓഫീസുകള്‍ക്ക് നവംബര്‍ 14 തിങ്കളാഴ്ച അവധിയായിരിക്കും.
തിരുവനന്തപുരം: അപ്രതീക്ഷിതമായ കറന്‍സി നിരോധനം കാരണം കയ്യിലുള്ള പണം മാറ്റിവാങ്ങാനുള്ള ജനങ്ങളുടെ നെട്ടോട്ടം തുടരുന്നു.ഒരു ദിവസം 4000 രൂപ മാത്രമേ ബാങ്കില്‍ നിന്ന് ലഭിക്കുകയുള്ളു എന്നതും സാധാരണക്കാരുടെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നു.
ജനങ്ങളുടെ ദുരിതം പരിഹരിക്കാനായി സംസ്ഥാനത്തെ ബാങ്കുകളും പോസ്‌റ്റോഫീസുകളും നവംബര്‍ 13 ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ നടത്താവുന്ന എല്ലാ ഇടപാടുകളും ഞായറാഴ്ചയും നടത്താം.

എന്നാല്‍ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് പോസ്‌റ്റോഫീസുകള്‍ക്ക് നവംബര്‍ 14 തിങ്കളാഴ്ച അവധിയായിരിക്കും.അതേ സമയം സംസ്ഥാനത്ത് ചില്ലറക്ഷാമം രൂക്ഷമായി തുടരുകയാണ്.ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന 2000 രൂപ നോട്ടുകള്‍ക്ക് ചില്ലറ ലഭിക്കാത്തതാണ് സാധാരണക്കാരെ വലയ്ക്കുന്നത്.
എ ടി എമ്മുകള്‍ പൂര്‍ണ്ണമായും പ്രവൃത്തനസജ്ജമല്ലാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്.സംസ്ഥാനത്തെ എ ടി എമ്മുകളില്‍ പണം നിറയ്ക്കുമ്പോഴേക്കും കാലിയാകുന്ന അവസ്ഥയാണുള്ളത്.പണം പിന്‍വലിക്കാനായി എ ടി എമ്മുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്.












Click it and Unblock the Notifications