കെഎം മാണിയ്ക്ക് രാജി വയ്ക്കാന്‍ ഒരു ദിവസത്തെ സമയം; അല്ലെങ്കില്‍ പുറത്താക്കും?
തിരുവനന്തപുരം: കെഎം മാണിയെ അനുനയിപ്പിച്ച് രാജി വപ്പിയ്ക്കാനുള്ള യുഡിഎഫ് ശ്രമങ്ങളെല്ലാം പാളിപ്പോയി. ഇതോടെ മുഖം രക്ഷിയ്ക്കാന്‍ യുഡിഎഫ് നേതൃത്വവും ശ്രമം തുടങ്ങി.
സ്വയം രാജിവച്ച് പിരിയാന്‍ കെഎം മാണിയ്ക്ക് ഒരു ദിവസത്തെ സമയം അനുവദിയ്ക്കാനാണ് ഇപ്പോള്‍ യുഡിഎഫ് തീരുമാനിച്ചിരിയ്ക്കുന്നത്. ഈ സമയത്തിനുള്ളില്‍ മാണി രാജിവച്ചില്ലെങ്കില്‍ രാജി ആവശ്യപ്പെടാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും മാണി രാജിയ്ക്ക് തയ്യാറാകാത്തത് യുഡിഎഫിനെ ശരിയ്ക്കും വെട്ടിലാക്കിയിരുന്നു. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു യുഡിഎഫ് യോഗം പോലും വിളിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞതും ഇല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാണിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഘടകകക്ഷികള്‍ പറയുന്നത്.

മാണിയ്ക്ക് സമയം
കെഎം മാണിയ്ക്ക് രാജി വയ്ക്കാന്‍ ഒരു ദിവസത്തെ സമയം യുഡിഎഫ് അനുവദിച്ചു എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യം ആരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒരു ദിവസം
വേണ്ടത്ര കൂടിയാലോചനകള്‍ നടത്താന്‍ മാണിയ്ക്ക് സമയം അനുവദിയ്ക്കുന്നു എന്ന രീതിയിലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. എന്നാല്‍ മാണി വഴിപ്പെടാത്തതിനാല്‍ കാത്തിരിയ്ക്കുകയല്ലാതെ യുഡിഎഫിന് വേറെ നിവൃത്തിയില്ല.

പുറത്താക്കുമോ?
ഒരു ദിവസം സമയം നല്‍കിയതിന് ശേഷം മാണിയെ പുറത്താക്കിയാല്‍ പോലും വലിയ കുഴപ്പമുണ്ടാകില്ലെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമോ?
മാണിയ്ക്ക് ഒരു ദിവസം കൂടി സമയം നല്‍കുന്നത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും ചിലര്‍ കരുതുന്നുണ്ട്. തീരുമാനം പരമാവധി നീട്ടിക്കൊണ്ടുപോകുന്നതോടെ ജനകീയ പ്രതിഷേധം അടങ്ങുമെന്നാണത്രെ പ്രതീക്ഷ.

കേരള കോണ്‍ഗ്രസ് യോഗം
ബാര്‍ കോഴ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ മാരത്തോണ്‍ ചര്‍ച്ചകളാണ് നടക്കുന്നത്. മണിക്കൂറുകള്‍ നീണ്ട യോഗത്തില്‍ അന്തിമ തീരുമാനം മാത്രം വൈകുകയാണ്.

പിജെ ജോസഫ് തിരിഞ്ഞു കുത്തി
രാജി വയ്ക്കുകയാണെങ്കില്‍ എല്ലാവരും രാജി വയ്ക്കാം എന്ന മാണിയുടെ നിര്‍ദ്ദേശം പിജെ ജോസഫ് വിഭാഗം അംഗീകരിച്ചില്ല. പിജെ ജോസഫ് മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.












Click it and Unblock the Notifications