മന്ത്രി ബാബുവിനെതിരായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഈ മാസം 23ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം വിജിലന്‍സ് എസ്പിയായ കെ.എം. ആന്റണിയെ മാറ്റി സ്‌പെഷല്‍ സെല്‍ എസ്പി കെ.എം. ടോമിയെ പുതിയ ഉദ്യോഗസ്ഥനായി നിയമിച്ചു.
പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് വിജിലന്‍സ് ബാബുവിനെതിരെ ദ്രുതപരിശോധന നടത്താന്‍ ഉത്തരവിട്ടത്. ഈ മാസം 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ദുരൂഹമാണ്. ബാബുവിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥന്‍ ശേഖരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റമെന്ന് പറയപ്പെടുന്നു.

മന്ത്രി ബാബുവിന് പണം നല്‍കിയെന്ന് ബിജു രമേശ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കാണിച്ചാണ് ജോര്‍ജ് വട്ടക്കുളം വിജിലന്‍സിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ബിജു രമേശിനെതിരെയും തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നേരത്തെ ബാബുവിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
ബാബുവിനെതിരെ തുടരന്വേഷണ സാധ്യത ഉയരുകയാണെങ്കില്‍ രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. മന്ത്രിയായിരുന്ന കെ എം മാണിയെ രാജിവെപ്പിച്ച സാഹചര്യത്തില്‍ ബാബുവിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കുകയില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുമാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications