ബാര്‍ കോഴ; ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്നും 10 കോടി രൂപ കോഴവാങ്ങിയെന്ന ആരോപണ വിധേനയായ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് എറണാകുളം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ പോള്‍ അംഗീകരിച്ചു.
മാണിക്കു പിന്നാലെ ബാബുവിനും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ സംസ്ഥാന രാഷ്ട്രീയ ഇളക്കിമറിച്ച ഒരു അഴിമതി ആരോപണം കൂടി വിസ്മൃതിയിലേക്ക് പോവുകയാണ്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആണ് കെ ബാബുവിനെതിരെയും ആരോപണം ഉന്നയിച്ചത്.

കെ എം മാണിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ ബാബുവിനെതിരെയും ആരോപണം ഉന്നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിന്‍സന്‍ പോള്‍ വിജിലന്‍സ് എസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. താന്‍ നേരിട്ട് 50 ലക്ഷം രൂപ നല്‍കിയെന്നും ദൃക്‌സാക്ഷികളുണ്ടെന്നും ബിജു വിജിലന്‍സിന് മൊഴി നല്‍കിയെങ്കിലും ഇവ വിശ്വാസത്തില്‍ എടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ല.
കേസില്‍ ബാബുവിനെതിരെ തെളിവു നല്‍കപ്പെടുമെന്ന് കരുതിയ ബാര്‍ ഉടമകള്‍ തെളിവു നല്‍കാന്‍ വിസമ്മതിച്ചതാണ് മന്ത്രിക്കെതിരായ ആരോപണം മാഞ്ഞുപോകാന്‍ ഇടയായത്. ബാര്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തോല്‍ക്കുമെന്നും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമുള്ള മന്ത്രിമാരുടെ ഉറപ്പിനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ തെളിവു നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications