ബാര്‍ ലൈസന്‍സ്; എന്റെ ഫോര്‍മുലയാണ് ശരി: ചെന്നിത്തല
പത്തനംതിട്ട: ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ താന്‍ മുന്നോട്ടുവച്ച ഫോര്‍മുല തന്നെയാണ് ശരിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താന്‍ മുന്നോട്ട് വച്ച ഫോര്‍മുലയില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അത് ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവില്‍ ലൈസന്‍സ് നല്‍കിയവയില്‍ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടണമെന്നും ടു സ്റ്റാര്‍ പദവിയില്ലാത്ത ബാറുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

കെ പി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്ന് ചെന്നിത്തലയും പറഞ്ഞു. നേരത്തെ ബാറുടമകളുടെ താത്പര്യത്തെയല്ല, ജനങ്ങളുടെ താത്പര്യം പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും വ്യക്തമാക്കിയിരുന്നു. അദ്ദേഹവും സതീശന്റെ ആരോപണത്തിന് പ്രതികിക്കുന്നില്ലെന്നാണ് പറഞ്ഞത്.
ഒരാള്‍ മദ്യവിരുദ്ധനും മറ്റെല്ലാവരും മദ്യ ലോബികളുടെ ആളുകളുമാണെന്ന നിലപാട് ശരിയല്ലെന്നാണ് സതീശന്‍ ആരോപിച്ചത്. നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications