ലിജുവിന്റെ വാദം പൊളിച്ച് എംബി രാജേഷ്.. ഉത്തരവിട്ടത് 2011 ല്‍ ഉമ്മന്‍ചാണ്ടി; തെളിവ് പുറത്ത്
ബാര്‍ ലൈസന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി വിഡി സതീശനും എക്‌സൈസ് മന്ത്രി എം ലിജുവും കള്ളം പറയുകയാണ് എന്ന് മുന്‍ എക്‌സൈസ് മന്ത്രി എംബി രാജേഷ്. എഫ് എല്‍ 7 എന്ന പുതിയ കാറ്റഗറി തന്നെ കൊണ്ടുവന്നതും ലൈസന്‍സ് നല്‍കാന്‍ കമ്മീഷണര്‍ക്ക് അധികാരം നല്‍കിയതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ യുഡിഎഫ് സര്‍ക്കാരാണ് എന്ന് രാജേഷ് പറഞ്ഞു.
അന്നത്തെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചാണെന്ന് തെളിയിക്കാന്‍ എം ലിജുവിനെ പരസ്യസംവാദത്തിനും രാജേഷ് വെല്ലുവിളിച്ചു. എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

എന്തൊരു കള്ളമാണിവര്‍ പറയുന്നത്! ശ്രീ.എം.ലിജു കള്ളം പറയുന്ന കൂട്ടത്തിലായിരുന്നില്ല. എന്നാല്‍ ഈ മന്ത്രിസഭയില്‍ അംഗമായതോടെ അദ്ദേഹത്തിനും കള്ളം പറയുക എന്ന യു ഡി എഫ് പകര്‍ച്ചവ്യാധി പിടിപെട്ടിരിക്കുന്നു. എയര്‍ പോര്‍ട്ടിലെ FL-7 ലൈസന്‍സ് സര്‍ക്കാരറിയാതെ കമ്മീഷണര്‍ക്ക് നല്‍കിയത് LDF വരുത്തിയ ചട്ടഭേദഗതിയാണ് എന്ന പച്ചക്കള്ളം മന്ത്രി ലിജു ആവര്‍ത്തിക്കുകയാണ്.
ഇന്ന് മുഖ്യമന്ത്രി ആ കള്ളം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആ കള്ളം പൊളിക്കുന്ന രേഖ ഇതാ. 2011 ജൂലായ് 19 ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത സര്‍ക്കാര്‍ ഉത്തരവിതാ. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നിട്ടും മന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന പച്ചക്കള്ളമോ? ഈ ഉത്തരവിലുടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് FL-7 എന്ന പുതിയ കാറ്റഗറി തന്നെ കൊണ്ടുവന്നത്. ലൈസന്‍സ് നല്‍കാന്‍ കമ്മീഷണര്‍ക്ക് അധികാരം നല്‍കിയതും അവര്‍ തന്നെ.
ഈ തെളിവു നില്‍ക്കുമ്പോള്‍ ഇങ്ങനെ കള്ളം പറയുന്നവര്‍ തെളിവില്ലാത്ത കാര്യങ്ങളില്‍ എന്തെല്ലാം കള്ളം പറയും? ഇനി രണ്ടാമത്തെ കള്ളം. പുതിയ ബാര്‍ ലൈസന്‍സും മന്ത്രി അറിയാതെ കമ്മീഷണര്‍ക്ക് കൊടുക്കാന്‍ LDF അധികാരം നല്‍കി! വസ്തുതയോ? നാലു പതിറ്റാണ്ടെങ്കിലുമായി പുതിയ ബാര്‍ ലൈസന്‍സ് മന്ത്രിയുടെ അനുമതിയോടെ മാത്രമേ കമ്മീഷണര്‍ക്ക് കൊടുക്കാനാവൂ.
അന്നും ഇന്നും. ഒരു മാറ്റവും LDF വരുത്തിയിട്ടില്ല. അബ്കാരി ചട്ടം 13(3)നോക്കിയാല്‍ ഈ സത്യം മനസ്സിലാവും. പക്ഷേ മന്ത്രിക്ക് അതൊന്നും പ്രശ്‌നമല്ല. കള്ളം നമ്പര്‍ മൂന്ന്: ലൈസന്‍സ് പുതുക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അധികാരം കൊടുത്തത് LDF സര്‍ക്കാരാണ്. സത്യമോ? ചട്ടങ്ങളില്‍ പണ്ടേയുള്ളതാണ് പുതുക്കാന്‍ ഡെ.കമ്മീഷണര്‍മാര്‍ക്കുള്ള അധികാരം. LDF അതില്‍ തൊട്ടിട്ടേയില്ല!
LDF സര്‍ക്കാര്‍ ആകെ ചെയ്തത് 2014 ല്‍ UDF സര്‍ക്കാര്‍ ബിയര്‍,വൈന്‍ പാര്‍ലറുകളായി convert ചെയ്ത ബാറുകള്‍ ത്രീസ്റ്റാറോ അതിനു മുകളിലോ ഉള്ള ക്ലാസിഫിക്കേഷന്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് നേടിയ ശേഷം ബാര്‍ ലൈസന്‍സിന് വീണ്ടും അപേക്ഷിച്ചാല്‍ അവ പുതുക്കാം എന്ന നയപരമായ തീരുമാനമെടുക്കുക മാത്രമാണ്. ഈ സത്യങ്ങള്‍ മന്ത്രിക്ക് നിഷേധിക്കാനാവുമോ?
ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് മന്ത്രിക്ക് വാദമുണ്ടെങ്കില്‍ നമുക്ക് പരസ്യ സംവാദമാകാം. തയ്യാറുണ്ടോ? ഇല്ലെങ്കില്‍ കള്ളം പറഞ്ഞതിന് മാപ്പു പറയുമോ? പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സുതാര്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ചെക്ക്‌ലിസ്റ്റും കൊണ്ടുവന്ന LDF സര്‍ക്കാര്‍ നടപടി തെറ്റായിരുന്നോ? അതും റദ്ദാക്കുമോ? എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച ലൈസന്‍സുകള്‍ എല്ലാം റദ്ദാക്കി എല്ലാ ബാറും അടച്ചുപൂട്ടുമോ?
ഇല്ലെങ്കില്‍ കയ്യടി നേടാനായി മാത്രം LDF സര്‍ക്കാരിനെതിരായി നടത്തുന്ന വാചകമടി നിര്‍ത്തുമോ? ഈ ചോദ്യങ്ങള്‍ ഇന്നലെയും ഇന്നും ഉയര്‍ത്തിയതാണ്. മനോരമയടക്കം UDF ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇറങ്ങിയവര്‍ കണ്ടഭാവം നടിച്ചില്ല. മന്ത്രി ലിജുവിന്റെ ആരോപണങ്ങള്‍ മാത്രം നല്‍കിയ നെറികേട് അവര്‍ കാണിച്ചതില്‍ അത്ഭുതമില്ല. ഇന്നു പറഞ്ഞതും മുക്കാനാണ് എല്ലാ സാദ്ധ്യതയും. അവര്‍ നല്‍കാതിരുന്നതു കൊണ്ട് സത്യങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കരുതല്ലോ.


Click it and Unblock the Notifications
