രാത്രി ഒന്‍പതിന് ശേഷം മദ്യം; ബെവ്‌കോ ഉത്തരവില്‍ പ്രതിഷേധം: സര്‍ക്കാര്‍ ബാറുടമകളെ പിണക്കുമോ?
തിരുവനന്തപുരം: രാത്രി ഒന്‍പതിന് ശേഷവും ബെവ്‌കോ ഔട്ട്ലെറ്റുകളിലൂടെ മദ്യം നല്‍കണമെന്ന ബിവറേജസ് കോര്‍പറേഷന്റെ ഉത്തരവിനെതിരേ പ്രതിഷേധം. ബാറുടമ അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. രാത്രി വൈകിയും ഔട്ട്ലെറ്റുകളിലൂടെ മദ്യം നല്‍കിയാല്‍ ബാറുകള്‍ പൂട്ടിപ്പോകുമെന്നാണ് ബാറുടമകളുടെ നിലപാട്. കോര്‍പറേഷന്റെ ഉത്തരവിനെതിരെ സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബാറുടമ അസോസിയേഷന്‍.
രാത്രി ഒന്‍പതിന് ശേഷവും മദ്യം വാങ്ങാന്‍ ആള്‍ എത്തിയാല്‍ നല്‍കണം എന്നാണ് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നല്‍കിയ പുതിയ നിര്‍ദേശം. ഏറ്റവും കൂടുതല്‍ ആളുകള്‍ ബാറുകളില്‍ എത്തുന്ന സമയമാണ് രാത്രി. ഈ സമയത്ത് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ തുറന്നു വച്ചാല്‍ ബാറുകള്‍ പൂട്ടിപ്പോകുമെന്നാണ് ബാറുടമ അസോസിയേഷന്‍ ഭാരവാഹികള്‍ വാദിക്കുന്നത്.

ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 900 ത്തിലേക്ക് അടുക്കുന്നു. നിലവിലുള്ള ബാറുകള്‍ തന്നെ നടത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ബെവ്‌കോയുടെ പുതിയ നീക്കം. ബെവ്‌കോ ഔട്ട്ലെറ്റുകള്‍ രാത്രി വൈകിയും തുറന്നുവച്ചാല്‍ ആരെങ്കിലും ബാറിലേക്ക് വരുമോ എന്നാണ് ബാറുടമകള്‍ ചോദിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ബിവറേജസ് കോര്‍പറേഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലാണ് ബിവറേജസ് കോര്‍പറേഷന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. രാത്രി ഒന്‍പത് വരെയാണ് പ്രവര്‍ത്തന സമയമെങ്കിലും മദ്യം ആവശ്യപ്പെട്ട് എത്തിയാല്‍ എല്ലാവര്‍ക്കും മദ്യം നല്‍കിയ ശേഷമേ ഔട്ട്ലെറ്റ് പൂട്ടാവൂ എന്നാണ് ഉത്തരവ്. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
വൈകിട്ട് ആറര മുതല്‍ 11 മണി വരെയുള്ള ബാറുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്. നേരത്തെ ബാറിനു സമീപത്ത് ഔട്ട്ലെറ്റ് തുറക്കുന്നതിനെതിരെയും അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications