റേറ്റിംഗിൽ റിപ്പോർട്ടറിനെ മലർത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്, ജനം ടിവിയെ പിന്നിലാക്കി കൈരളി ന്യൂസ്
ബാർക്ക് റേറ്റിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ഏഷ്യാനെറ്റ് ന്യൂസ്. 49ാം ആഴ്ചയിലെ റേറ്റിംഗ് പുറത്ത് വന്നപ്പോഴാണ് കൈവിട്ട ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് തിരിച്ച് പിടിച്ചത്. ഇതോടെ റിപ്പോർട്ടർ ടിവി രണ്ടാം സ്ഥാനത്തേക്ക് തളളപ്പെട്ടു. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കി റിപ്പോർട്ടർ റേറ്റിംഗിൽ ഒന്നാം സ്ഥാനം പിടിച്ചിരുന്നു.
ബാർക്ക് റേറ്റിംഗുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിക്ക് എതിരെ ആരോപണങ്ങൾ നിലനിൽക്കേയാണ് ചാനൽ രണ്ടാഴ്ച ഒന്നാമത് എത്തിയത്. ഏറ്റവും പുതിയ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് 1076 പോയിന്റുകളാണ് ഉളളത്. റേറ്റിംഗിൽ 100 പോയിന്റ് കടന്നിട്ടുളള ഒരേയൊരു ചാനലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്.
രണ്ടാം സ്ഥാനത്തുളള റിപ്പോർട്ടർ ടിവിക്ക് 98 പോയിന്റുകളാണ് ഉളളത്. 48ാം ആഴ്ചയിൽ 97.73 പോയിന്റുകളോടെയാണ് റിപ്പോർട്ടർ ടിവി ഒന്നാമത് ഉണ്ടായിരുന്നത്. അന്ന് ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത് 91.52 പോയിന്റുകളോടെയാണ്. മൂന്നാമത് ഉണ്ടായിരുന്ന 24 ന്യൂസ് പോയിന്റ് നിലയിൽ വളരെ പിറകിൽ ആയിരുന്നു. 55.26 പോയിന്റ് മാത്രമാണ് 24 ന്യൂസിന് ലഭിച്ചിരുന്നത്.

ഈ ആഴ്ചയും റേറ്റിംഗിൽ മൂന്നാം സ്ഥാനത്ത് തന്നെയാണ് 24 ന്യൂസ് ഉളളത്. അതേസമയം പോയിന്റ് നിലയിൽ വലിയ മെച്ചമുണ്ടാക്കാൻ ചാനലിന് ഈ ആഴ്ചയും സാധിച്ചിട്ടില്ല. 56 പോയിന്റുകൾ മാത്രമാണ് ബാർക്ക് റേറ്റിംഗിൽ 24 ന്യൂസിന് ഉളളത്. മനോരമ ന്യൂസും മാതൃഭൂമി ന്യൂസും നാലും അഞ്ചും സ്ഥാനങ്ങളിൽ മാറ്റമില്ലാതെ തുടരുന്നു.. മനോരമ ന്യൂസിന് 48 പോയിന്റുകളാണ് ഉളളത്. അതേസമയം മാതൃഭൂമി ന്യൂസിന് 36 പോയിന്റുകളും.
മാതൃഭൂമിക്ക് പിന്നിലുളളത് ന്യൂസ് മലയാളം 24x7 ചാനലാണ്. 25 പോയിന്റുകൾ ഈ ചാനലിന് സ്വന്തമാക്കാനായി. ഈ ആഴ്ചയിലെ ബാർക്ക് റേറ്റിംഗിൽ ജനം ടിവിയെ പിന്നിലാക്കാൻ കൈരളി ന്യൂസിന് സാധിച്ചിട്ടുണ്ട്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് കൈരളി ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൈരളി 22 പോയിന്റ് നേടിയപ്പോൾ എട്ടാം സ്ഥാനത്തുളള ജനം ടിവിക്ക് 21 പോയിന്റുകളാണ് നേടാൻ സാധിച്ചത്.
തൊട്ട് മുൻപത്തെ ആഴ്ചയിൽ ജനം ടിവി ഏഴാം സ്ഥാനത്തും കൈരളി ടിവി എട്ടാം സ്ഥാനത്തും ആയിരുന്നു. നേരിയ പോയിന്റ് വ്യത്യാസമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ജനം ടിവിക്ക് 20.95 പോയിന്റും കൈരളിക്ക് 20. 12 പോയിന്റും. അന്ന് 13.94 പോയിന്റുകളോടെ ഒൻപതാം സ്ഥാനത്ത് നിന്ന ന്യൂസ് 18 കേരള തന്നെയാണ് ഈ ആഴ്ചയും അവസാനമുളളത്. ഈ ആഴ്ചയിൽ 14 പോയിന്റുകൾ ന്യൂസ് 18 കേരളത്തിന് നേടാൻ സാധിച്ചു.












Click it and Unblock the Notifications