ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്, കരകയറാനാകാതെ റിപ്പോര്‍ട്ടര്‍.. കൈരളിയെ വീഴ്ത്തി ജനം ടിവിയുടെ കുതിപ്പ്
തിരുവനന്തപുരം: മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗായ ബാര്‍ക്ക് റേറ്റിംഗില്‍ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാഴ്ച മുന്‍പ് ചരിത്രത്തിലാദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ച നടത്തിയ മുന്നേറ്റത്തേക്കാള്‍ മികച്ച പ്രകടനമാണ് ഈ ആഴ്ച കാഴ്ച വെച്ചത്. ഇന്ന് പുറത്തുവന്ന 27ാം ആഴ്ചയിലെ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗില്‍ 99 പോയന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.
കഴിഞ്ഞ ആഴ്ച 95 പോയന്റായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 87 പോയന്റും മൂന്നാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിക്ക് 84 പോയന്റുമാണ് ഉള്ളത്. റേറ്റിങ്ങിലെ കേരളാ യൂണിവേഴ്സ് വിഭാഗത്തില്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് 99 പോയിന്റ് നേടിയിരിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ചാനലുകള്‍ക്കും കഴിഞ്ഞ ആഴ്ചത്തേക്കാള്‍ പോയന്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് ഭേദപ്പെട്ട പോയന്റ് നിലവാരമുണ്ട്. എന്നാല്‍ അടുത്ത ആഴ്ച രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കടുപ്പമായിരിക്കും എന്നാണ് സൂചനകള്‍. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസും മൂന്നാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ കേവലം 3 പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. മനോരമ ന്യൂസ് (42), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം 24*7 (28) എന്നിവയാണ് നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങളിലുള്ളത്.
റേറ്റിങ്ങില്‍ നാലാം സ്ഥാനത്തുളള മനോരമ ന്യൂസിന് ഈ ആഴ്ച രണ്ട് പോയന്റ് കുറഞ്ഞാണ് 42 പോയിന്റില്‍ എത്തിയത്. മാതൃഭൂമിയുടെ പോയന്റില്‍ വ്യത്യാസമൊന്നുമില്ല. ന്യൂസ് മലയാളം 24*7 ന് കഴിഞ്ഞ ആഴ്ച 33 പോയന്റ് ഉണ്ടായിരുന്നത് ഇത്തവണ അഞ്ച് പോയന്റ് ഇടിഞ്ഞ് 28 പോയന്റായി മാറി. ഓരോ ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗ് കണക്കാക്കുന്ന സമ്പ്രദായം വന്നതോടെ ഓരോ പോയിന്റും ബാര്‍ക്ക് റേറ്റിംഗില്‍ നിര്‍ണായകമാണ്.
അതേസമയം ഏഴാം സ്ഥാനത്താണ് ഇത്തവണ വലിയ അട്ടിമറി നടന്നത്. കഴിഞ്ഞ ആഴ്ച ഏഴാം സ്ഥാനത്തുണ്ടായിരുന്ന കൈരളി എട്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജനം ടിവി ഏഴാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ ആഴ്ച 17 പോയിന്റ് ഉണ്ടായിരുന്ന ജനം ടിവി 5 പോയിന്റ് വര്‍ധിപ്പിച്ചാണ് കൈരളി ന്യൂസിനെ മറികടന്നത്. 14 പോയിന്റുമായി ന്യൂസ് 18 കേരളം ഒമ്പതാം സ്ഥാനത്തും 11 പോയിന്റുമായി മീഡിയാ വണ്‍ പത്താം സ്ഥാനത്തുമാണ്.












Click it and Unblock the Notifications