ആഞ്ഞുപിടിച്ചിട്ടും ഏഷ്യാനെറ്റിനെ തൊടാനാകാതെ റിപ്പോര്‍ട്ടര്‍! മനോരമേയയും മാതൃഭൂമിയേയും തൂക്കി ന്യൂസ് മലയാളം
കേരളത്തിലെ വാര്‍ത്താചാനലുകളില്‍ മേധാവിത്വം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. സംപ്രേഷണം തുടങ്ങിയതിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് രണ്ടും മൂന്നും സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നിവയേക്കാള്‍ പോയിന്റില്‍ ബഹുദൂരം മുന്നിലാണ് ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന 38-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ 89 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്.
രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 68 പോയിന്റാണുള്ളത്. 55 പോയിന്റുമായി 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്. ആറാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസ് മലയാളം 24*7 നാലാം സ്ഥാനം തിരിച്ചുപിടിച്ചതാണ് ഈ ആഴ്ചത്തെ പ്രധാന സംഭവവികാസം. 37 പോയന്റാണ് നാലാം സ്ഥാനത്തുള്ള ന്യൂസ് മലയാളം 24*7 നുള്ളത്. മനോരമ ന്യൂസ് (37), മാതൃഭൂമി ന്യൂസ് (34) എന്നിവരെ പിന്തള്ളിയാണ് ന്യൂസ് മലയാളം 24*7 ന്റെ കുതിപ്പ്.

മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവി ചരിത്രത്തിലാദ്യമായി ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കിയിരുന്നു. മലയാളം വാര്‍ത്താ ചാനല്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത ആഴ്ചയില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മാത്രമല്ല ഒന്നാം സ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ടര്‍ ടിവി മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
പിന്നീട് രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ടര്‍ ടിവിക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാസങ്ങളായി ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നിവര്‍ തന്നെയാണ് തുടരുന്നത്. ഇടയ്ക്ക് ഈ മൂന്ന് ചാനലുകള്‍ തമ്മിലുള്ള പോയന്റ് വ്യത്യാസം നേര്‍ത്ത് വരികയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ബാര്‍ക്ക് റേറ്റിംഗിനെ ആകാംക്ഷയോടെയായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.
എന്നാല്‍ അടുത്തിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളില്‍ നിന്ന് ബഹിഷ്‌കരണ ക്യാംപെയ്ന്‍ ഉയര്‍ന്നിരുന്നു. ഇത് ചാനലിന്റെ റേറ്റിംഗിനെ ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതേസമയം ന്യൂസ് മലയാളം 24*7 ബാര്‍ക്ക് റേറ്റിംഗില്‍ കാണിക്കുന്ന കുതിപ്പ് അവിസ്മരണീയമാണ്. വെറും ഒരു വര്‍ഷം തികയും മുമ്പാണ് ചാനല്‍ റേറ്റിംഗില്‍ ആദ്യ നാലിലെത്താന്‍ ന്യൂസ് മലയാളം 24*7 ന് സാധിച്ചത്.
പതിറ്റാണ്ടുകളുടെ മാധ്യമ പാരമ്പര്യമുള്ള മനോരമ ന്യൂസിനേയും മാതൃഭൂമി ന്യൂസിനേയും മറികടന്നാണ് ന്യൂസ് മലയാളം 24*7 ന്റെ കുതിപ്പ്. അതേസമയം ബാര്‍ക്ക് റേറ്റിംഗില്‍ കൈരളി ന്യൂസ്, ജനം ടിവി, മീഡിയ വണ്‍ എന്നിവ അവസാന സ്ഥാനങ്ങളിലാണ്.












Click it and Unblock the Notifications