അമ്പരിപ്പിച്ച് റിപ്പോർട്ടറിന്റെ കുതിപ്പ്: അടുത്തെങ്ങും ആരുമില്ല: കൈരളിക്കും വന്‍ മുന്നേറ്റം, ജനത്തിന് പൂജ്യം
സമീപകാലത്തായി കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇടയില്‍ ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. വാശിയും വീറും ഏറിയതോടെ ചാനലുകളുടെ അവതരണ രീതിയിലും ശൈലിയും വലിയ തോതിലുള്ള മാറ്റങ്ങളും കാണാന്‍ സാധിക്കും. മത്സരം മുറുകിയതോടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ തലതൊട്ടപ്പനായി നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ബാർക്ക് റേറ്റിങില്‍ മൂന്നാം സ്ഥാനത്തേക്ക് പോകുന്നതും കാണാന്‍ സാധിച്ചു.
റിപ്പോർട്ടർ ന്യൂസും, 24 ന്യൂസും ഒന്നും രണ്ടും സ്ഥാനത്ത് എത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ആഴ്ചകളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിപ്പോർട്ടറിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാല്‍ ഇപ്പോഴിതാ അടുത്ത കാലത്തായി മലയാളികള്‍ ഏറ്റവും അധിക സമയം ടിവി ന്യൂസ് ചാനലുകള്‍ക്ക് മുമ്പില്‍ ഇരുന്ന ആഴ്ചയില്‍ റിപ്പോർട്ടർ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്ത. മലയാളത്തിലെ എല്ലാ ചാനലുകളും മറ്റ് വാർത്തകള്‍ മാറ്റിവെച്ച് വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വാർത്തകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. റിപ്പോർട്ടർ അടക്കമുള്ള ചില ചാനലുകള്‍ പരസ്യത്തിനായുള്ള ഇടവേള പോലും എടുക്കാതെ തുടർച്ചയായുള്ള റിപ്പോർട്ടുകള്‍ നല്‍കി വന്നു.
ഒടുവില്‍ 29 -ആം ആഴ്ചയിലെ ബാർക്ക് റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ 191 പോയിന്റ് നേടി റിപ്പോർട്ടറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അടുത്ത കാലത്ത് ഒരു മലയാളം ന്യൂസ് ചാനലിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിങ് ആണിത്. രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യാനെറ്റ് ന്യൂസിന് ഏറെ പിന്നിലായി 153 പോയിന്റാണുള്ളത്. മുന്‍ ആഴ്ചയില്‍ രണ്ടാമത് ഉണ്ടായിരുന്ന 24 ന്യൂസ് ഇത്തവണ 125 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
61 പോയിന്റുമായി മാതൃഭൂമി ന്യൂസ് ഇത്തവണയും നാലാം സ്ഥാനം നിലനിർത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ആഴ്ചയായിരുന്നു മാതൃഭൂമി ന്യൂസ് മനോരമ ന്യൂസിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് എത്തിയത്. മനോരമ ന്യൂസിന് ഇത്തവണയും 58 പോയിന്റുമായി അഞ്ചാം സ്ഥാനം നിലനിർത്തേണ്ടി വന്നു. കൈരളി 42 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് എത്തി എന്നുള്ളതാണ് ഈ ആഴ്ചയിലെ ശ്രദ്ധേയമായ മുന്നേറ്റം. ന്യൂസ് മലയാളം 24x7 -33, ന്യൂസ് 18 കേരള-19, മീഡിയ വണ്‍ -13, ജനം ടിവി -0 എന്നിങ്ങനെയാണ് മറ്റ് ചാനലുകളുടെ റേറ്റിങ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജനം ടിവി ബാർക്ക് റേറ്റിങില്‍ നിന്നും പുറത്തായ സ്ഥിതിയാണുള്ളത്. ബാർക്കില്‍ നിന്നും ചാനല്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയതാണ് ഇതിന്റെ കാരണമെന്ന തരത്തിലുള്ള പ്രചരണം ഉണ്ടെങ്കിലും ചാനല്‍ ഇത് സംബന്ധിച്ച പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ബാർക്ക് റേറ്റിങ്
രാജ്യത്തെ ടെലിവിഷൻ ചാനങ്ങളുടെ റേറ്റിങ് സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന സംവിധാനമാണ് ബാർക്ക് റേറ്റിങ്. ടിവി ചാനലുകളുടെയും പ്രോഗ്രാമുകളുടെയും ജനപ്രീതി, പ്രേക്ഷകരുടെ എണ്ണം, കാഴ്ചക്കാരുടെ പൊതു ശീലങ്ങള്‍ എന്നിവയെല്ലാം ബാർക്ക് ഏജന്‍സി സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു. ഒരു പ്രത്യേക പ്രോഗ്രാം അല്ലെങ്കിൽ ചാനൽ എത്ര പേർ കാണുന്നു എന്നതിന്റെ സൂചകങ്ങള്‍ പരസ്യദാതാക്കൾക്കും ചാനലുകൾക്കും അവരുടെ ഉള്ളടക്കങ്ങള്‍ എത്രത്തോളം പേക്ഷകരിലേക്ക് എത്തുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ബാർക്ക് റേറ്റിങ് സംവിധാനം അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ പുതിയ സംവിധാനം കൊണ്ടുവരുന്നുവെന്ന ചർച്ചകള്‍ ഉയർന്ന് വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, ബാർക്ക് ഇന്ത്യ അവരുടെ റേറ്റിങ് സംവിധാനം തുടർച്ചയായി പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 2020-ലെ ടിആർപി തട്ടിപ്പ് വിവാദത്തിന് ശേഷം ബാർക്ക് അവരുടെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കാൻ വേണ്ടി പല നടപടികളും സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications