• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീറാമിനെ സംരക്ഷിക്കാന്‍ ശ്രമം; മുഖ്യമന്ത്രി ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമമെ രക്ഷപ്പെടുത്താന്‍ പോലീസ് ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ടെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍. പ്രഥമവിവര റിപ്പോര്‍ട്ട് മുഴുവന്‍ അസത്യങ്ങളോ അര്‍ധ സത്യങ്ങളോ ആണ്. സുപ്രധാനമായി വിവരങ്ങള്‍ പലതും മറച്ചുവെച്ചാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ഇടപെട്ട് എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്നും യൂണിയന്‍ സെക്രട്ടറി സി നാരായണന്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പത്രകുറിപ്പിന്‍റെ പൂര്‍ണരൂം ഇങ്ങനെ

നരഹത്യാകേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നല്‍കുന്ന ചികില്‍സ എന്തെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യനിലയ്ക്ക് എന്ത് കുഴപ്പമാണുള്ളതെന്നും പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പൊലീസ് പുല്ലുവില പോലും കല്‍പിക്കുന്നില്ല എന്നാണോ കരുതേണ്ടത്. ഇന്ന് തൃശ്ശൂരില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചത് പൊലീസ് തെറ്റു കാണിച്ചാല്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാതെ നടപടി ഉണ്ടാവും എന്നായിരുന്നു. തിരുവനന്തപുരത്ത് ഡി.ജി.പി. സമൂഹത്തിനു നല്‍കിയ ഉറപ്പും നടത്തിയ പ്രസ്താവനയും തനി കപടനാടകമെന്ന് കരുതേണ്ടിവരുമോ.

പ്രഥമവിവര റിപ്പോര്‍ട്ട് മുഴുവന്‍ അസത്യങ്ങളോ അര്‍ധ സത്യങ്ങളോ ആണ്. സുപ്രധാനമായി വിവരങ്ങള്‍ പലതും മറച്ചുവെച്ചാണ് എഫ്.ഐ.ആര്‍. ഇട്ടിരിക്കുന്നത്. ബഷീറിനെ ഇടിച്ച വാഹനം ഓടിച്ച ആളിന്റെ പേരോ മേല്‍വിലാസമോ 'അജ്ഞാതം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ 12.55 നടന്ന അപകടത്തിനു തൊട്ടു പിറകെ പൊലീസ് സ്ഥലത്ത് എത്തിയിട്ടും പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ച സമയം രാവിലെ 7.17ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്തേക്ക് നൂറ് മീറ്റര്‍ മാത്രമാണ് ദൂരം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും പൊലീസ് സംഭവം രാവിലെ മാത്രമേ അറിഞ്ഞുള്ളൂ എന്നാണ് രേഖയില്‍. അതും കൊല്ലപ്പെട്ട ബഷീറിന്റെ സുഹൃത്ത് സൈഫുദ്ദീന്‍ ഹാജി രാവിലെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നും എഫ്.ഐ.ആര്‍. പറയുന്നു.

ഇത്രയും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച എഫ്.ഐ.ആര്‍. ആരെ സംരക്ഷിക്കാനാണ് എന്നത് വ്യക്തമാണ്. പ്രതിക്കെതിരെ ജാമ്യമില്ലാത്ത 304-ാം വകുപ്പ് ചുമത്തുമെന്ന ഡി.ജി.പി.യുടെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുള്ള 304 a വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒപ്പം 279-ാം വകുപ്പും ഉണ്ട്. ഇത് ആയിരം രൂപ പിഴയും പരമാവധി ആറുമാസം തടവും കിട്ടാവുന്ന ലഘുവായ വകുപ്പാണ്.

ഇതില്‍ നിന്നൊക്കെ മനസ്സിലാക്കുന്നത് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ബോധപൂര്‍വ്വം കളിക്കുന്നു എന്നു തന്നെയാണ്.

മുഖ്യമന്ത്രി ഉടനെ ഇടപെട്ട് എഫ്.ഐ.ആര്‍. റദ്ദാക്കിക്കണം. ഒപ്പം പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കണം. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലാത്ത പ്രതിക്ക് കിംസ് ആശുപത്രിയില്‍ സുഖവാസമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൊല്ലപ്പെട്ട പാവം മനുഷ്യനോട് കാണിക്കുന്ന കടുത്ത അവഹേളനവും നിയമവിരുദ്ധ നടപടിയുമാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് പൊലീസിനെ തിരുത്തിയില്ലെങ്കില്‍ അത് തീരക്കളങ്കമാകും. മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് വരേണ്ടിവരും.

English summary
Bassheer's death; KUWJ against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X