ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല?
കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ എൻഡിഎയിൽ 27 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. സ്ഥാനാർഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും.
സ്ഥാനാർത്ഥികൾ ഇവർ
അരൂർ- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനിൽകുമാർ, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ, കുന്നംകുളം- റിജിൽ കെ.ആർ., നെന്മാറ- എ.എൻ. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാൽ, കോട്ടക്കൽ - സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂർ - ഗിരീഷ് മേക്കാട്, പേരാവൂർ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാർഥികൾ.

നിലവിൽ പുറത്തിറക്കിയ 12 പേരുടെ പട്ടികയിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേര് ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ഇത്തവണ ജനവിധി തേടുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കായംകുളം മണ്ഡലത്തിൽ തുഷാർ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ഉച്ചയോടെ നടന്ന അന്തിമ ചർച്ചകൾക്ക് ശേഷമാണ് വൈകുന്നേരം നാല് മണിയോടെ പട്ടിക പ്രഖ്യാപിച്ചത്.
സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ നാല് സീറ്റുകൾ അധികമായി നേടി 27 സീറ്റുകളിൽ പാർട്ടി മത്സരരംഗത്തുണ്ടാകും. കോട്ടയം, ഉടുമ്പുംചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഇത്തവണ പുതുതായി പാർട്ടിക്ക് ലഭിച്ചത്. എൻഡിഎ മുന്നണിയുടെ ഭാഗമായി കൂടുതൽ കരുത്തോടെ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമഘട്ടത്തിലെത്തി നിൽക്കെ, ബിഡിജെഎസ് പട്ടിക പുറത്തുവിട്ടത് എൻഡിഎ ക്യാമ്പുകളിൽ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എൻഡിഎയുടെ പൂർണ്ണരൂപത്തിലുള്ള സ്ഥാനാർത്ഥി ചിത്രം തെളിയും.












Click it and Unblock the Notifications