പാലക്കാട് ബിജെപിക്കെതിരെ ബിഡിജെഎസ് നേതാവ്; ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും
പാലക്കാട്: എൻ ഡി എയിൽ പൊട്ടിത്തെറി. ബി ജെ പി അവഗണിക്കുകയാണെന്ന് ആരോപിച്ച് ബി ഡി ജെ എസ് മലമ്പുഴ സെക്രട്ടറി എസ് സതീഷ് രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും സതീഷ് വ്യക്തമാക്കി. ബി ജെ പിക്കെതിരെ സതീഷ് രൂക്ഷവിമർശനം ഉന്നയിച്ചു.
സ്ഥാനാർത്ഥി നിർണയത്തിലടക്കം ബി ജെ പി തനിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് സതീഷ് വിമർശിച്ചു. സീറ്റ് ചർച്ചകളിൽ പങ്കെടുപ്പിക്കാതിരുന്നതിനെ കുറിച്ച് ചോദ്യം ഉയർത്തിയപ്പോൾ ബി ഡി ജെ എസിന് എത്ര സീറ്റാണ് ഉള്ളതെന്നായിരുന്നു നേതൃത്വത്തിന്റെ പരിഹാസമെന്നും സതീഷ് ആരോപിച്ചു.

എന്നാൽ എൻ ഡി എയിൽ യാതൊരു പൊട്ടിത്തെറിയും ഉണ്ടായിട്ടില്ലെന്നും ബി ജെ പിയുമായി ഇനിയും സഹകരിച്ച് പ്രവർത്തിക്കുമെന്നും ബി ഡി ജെഎ സ് സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ അനുരാഗ് പറഞ്ഞു. ബി ഡി ജെ എസ് എൻ ഡി എയിൽ സജീവമാണ്. സതീഷ് നാമനിർദ്ദേശ പത്രിക നൽകിയാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുമെന്നും അനുരാഗ് പറഞ്ഞു.
ബി ജെ പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പാലക്കാട്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പാർട്ടിയിൽ കടുത്ത വിഭാഗീയതയാണ് നിലനിൽക്കുന്നത്. മണ്ഡലത്തിൽ സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ ശോഭ സുരേന്ദ്രൻ പക്ഷമാണ് രംഗത്തെത്തിയത്. ശോഭ മത്സരിച്ചാൽ ജയിക്കാമായിരുന്ന മണ്ഡലത്തിൽ സി കൃഷ്ണകുമാറിനെ മത്സരിപ്പിച്ച് പാർട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്നാണ് ശോഭ പക്ഷത്തിന്റെ ആരോപണം. അതൃപ്തി പരസ്യമാക്കി ശോഭയെ അനുകൂലിക്കുന്നവർ തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽ അടക്കം നേതാക്കൾ പങ്കെടുത്തില്ല. ഇ കൃഷ്ണദാസ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളാണ് വിട്ടുനിന്നത്.
അതിനിടെ കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്റെ പേരിൽ വെച്ച ഫ്ലക്സ് കത്തിച്ച സംഭവവും ഉണ്ടായി. നഗരത്തിൽ വെച്ച ഫ്ലക്സാണ് കത്തിച്ചത്. സംഭവത്തിന് പിന്നിൽ കൃഷ്ണകുമാർ പക്ഷമാണെന്ന് ശോഭയെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. അതേസമയം ബി ജെ പിയിലെ ഇപ്പോഴത്തെ തർക്കം തങ്ങൾക്ക് കാര്യങ്ങൾ കുറച്ചുകൂടി അനുകൂലമാക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തവണ സിപിഎം വോട്ട് മറിഞ്ഞത് പോലെ ശോഭ പക്ഷത്തിന്റെ വോട്ട് രാഹുലിന് മറിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.












Click it and Unblock the Notifications