നിർമ്മാണത്തിനിടെ ബീം തകർന്ന് വീണ് 2 തൊഴിലാളികള്‍ മരിച്ചു: അപകടം പത്തനംതിട്ട ജില്ലാ റൈഫിള്‍ ക്ലബ്ബില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ നിർമാണജോലികൾക്കിടെ ബീം തകർന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിലാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് ബീ തകർന്ന് വീണ് മരിച്ചത്. ബിഹാർ, ബംഗാള്‍ സ്വദേശികളാണ് ഇവർ. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിൻ്റെ ബീം ആണ് നിർമാണ വേളയിൽ തകർന്ന് വീണത്. മൂന്ന് തൊഴിലാളികലാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ വിജയദാസ് ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, ജില്ലാ പൊലീസ് മേധാവി എന്നിവർ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. നിർമ്മാണ പ്രവർത്തിയില്‍ എന്തെങ്കിലും അപാകതകളുണ്ടോ? സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവോയെന്ന കാര്യവും ജില്ല ഭരണകൂടം അന്വഷിക്കും.
മൂന്നുമണിയോടെയാണ് അപകടം നടന്നത്. കരിങ്കല്ല് അടുക്കി മതിൽ നിർമിക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് ബീം അടക്കം തൊഴിലാളുകളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സമീപത്ത് ജെ സി ബി ഉപയോഗിച്ചു മണ്ണു നീക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ പ്രകമ്പനമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications