സിപിഎമ്മിൽ നിന്ന് ‘സ്വതന്ത്രനാ’യാൽ ഭീഷണിയാകും, ‘സുധാകരൻ ജി’യെ തുണക്കാൻ യുഡിഎഫ് റെഡി; സമ്മർദതന്ത്രങ്ങൾ
എന്തും വെട്ടിത്തുറന്ന് പറയുന്ന ശൈലി ജി. സുധാകരൻ ഇത്തവണയും കൈവിട്ടില്ല. കുറച്ചുനാളായി പാർട്ടിയുമായി ഇണങ്ങിയും പിണങ്ങിയും നിൽക്കുകയാണ് നീണ്ട കാലം ആലപ്പുഴയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന സുധാകരൻ. പക്ഷേ, ഇടഞ്ഞ ഘട്ടങ്ങളിലൊന്നും ഇത്ര കടുത്ത നിലപാട് അദ്ദേഹം സ്വീകരിച്ചിട്ടുമില്ല. ഇതിപ്പോൾ സംസ്ഥാന നേതൃത്വത്തെ നേർക്കുനേർ ഉന്നമിട്ടാണ് നീക്കം. ചിരിച്ചു തള്ളുന്നതായി വാർത്താസമ്മേളനങ്ങളിൽ ഭാവിക്കുന്നണ്ടെങ്കിലും ഇത് പാർട്ടി കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. സി.പി.എമ്മിൽ നിന്ന് 'സ്വതന്ത്രനാ'യാൽ ജി. സുധാകരനെ സൂക്ഷിക്കണമെന്ന് അവർക്ക് നന്നായിട്ടറിയാം. 'സുധാകരൻ ജി'യെ പിന്തുണക്കാൻ യു.ഡി.എഫുകാർ റെഡിയായിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ 'ആശയാദർശങ്ങളിൽ ജനലക്ഷങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും' എന്ന് സുധാകരൻ അടിവരയിട്ട് പറയുന്നുമുണ്ട്. എങ്കിലും സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. സുധാകരനുമായി ചർച്ചയൊന്നും നടന്നില്ലെന്ന് കെ.സി. വേണുഗോപാൽ അടക്കം പറയുന്നുണ്ടെങ്കിലും യു.ഡി.എഫ് അത് ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തം. പാർട്ടിക്കുള്ളിൽ നിന്ന് അച്ചടക്ക നടപടികളും പരസ്യ വിമർശനങ്ങളും നേരിട്ടപ്പോഴെല്ലാം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ ഉറച്ച വിശ്വാസമുണ്ടെന്ന് ആവർത്തിച്ചിരുന്നയാളാണ് സുധാകരൻ. എന്നാൽ, പുതിയ സാഹചര്യത്തിൽ അതിനപ്പുറത്തേക്ക് സുധാകരൻ മാറിച്ചിന്തിച്ചേക്കുമെന്ന സൂചന അടുത്ത വൃത്തങ്ങൾ നൽകുന്നുണ്ട്.
ഈ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന യു.ഡി.എഫ് നേതൃത്വം അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. അമ്പലപ്പുഴ സീറ്റിലേക്ക് പരിഗണനയിലുള്ള കോൺഗ്രസ് നേതാക്കളായ എ.എ. ഷുക്കൂറിനോടും എം. ലിജുവിനോടും മണ്ഡലം മാറാൻ നിർദേശിച്ചതായി വരെ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ. നാസറും ഫോണിലൂടെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഞ്ചി ഒത്തുതീർപ്പിന്റെ കടവിലേക്ക് അടുപ്പിച്ചിട്ടില്ല. അവരോടും യു.ഡി.എഫ് നേതാക്കളോടും സുധാകരനൊട്ട് മനസ്സ് തുറന്നിട്ടുമില്ല.

സുധാകരനെതിരെ കടുത്ത നടപടി ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആലപ്പുഴയിലെ സി.പി.എം നേതാക്കൾ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ല. സുധാകരൻ പ്രധാന ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ആർ. നാസറും സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ പ്രതികരിക്കൂയെന്ന നയത്തിലാണ്.
മാർച്ച് 31 വരെയാണ് പാർട്ടി അംഗത്വം പുതുക്കാനുള്ള സമയം. അതുകഴിഞ്ഞാലും ഒരു കത്തു കൊടുത്താൽ അംഗത്വം പുതുക്കാനുമാകും. അതിനാലാണ് ഉടനടി പ്രതികരിക്കേണ്ടെന്ന നിലപാടിൽ ജില്ലാ നേതാക്കളെത്തിയത്. അനുനയത്തിനുള്ള ശ്രമങ്ങളും സംസ്ഥാന നേതൃത്വം നിദേശിച്ച ശേഷമേ ഉണ്ടാകൂ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരുപറഞ്ഞ് പരസ്യവിമർശനം നടത്തിയതിനാൽ അമ്പലപ്പുഴ സീറ്റ് വിട്ടുനൽകി മയപ്പെടുത്താനുള്ള നീക്കം നടക്കാനുമിടയില്ല.
പാർട്ടി കണ്ടെത്തിയ 22 കുറ്റങ്ങൾ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് സുധാകരനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്കും പരസ്യ ഏറ്റുമുട്ടലുകൾക്കും തുടക്കമായത്. രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന പാർട്ടി വ്യവസ്ഥ പ്രകാരം അമ്പലപ്പുഴയിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. അതിനു പിന്നാലെ 2022ൽ 75 വയസ്സ് പ്രായപരിധി വ്യവസ്ഥയിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിവാക്കി. നേരത്തേ സ്കൂളിൽ ചേർത്തതുകൊണ്ടാണ് രേഖപ്രകാരം 75 കഴിഞ്ഞതെന്നും യഥാർഥത്തിൽ രണ്ടുവയസ്സ് കുറവാണെന്നുമൊക്കെ വിശദീകരിച്ചെങ്കിലും ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റിയംഗമാകേണ്ടി വന്നു.
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചതോടെയാണ് ഏറ്റുമുട്ടലുകളുടെ തുടക്കം. എച്ച്. സലാമിനെ സുധാകരൻ സഹായിച്ചില്ലെന്നും പ്രചാരണത്തിൽ സജീവമായില്ലെന്നും തെര ഞ്ഞെടുപ്പിന് ശേഷം പരാതികളുയരുകയായിരുന്നു. ഇത് പരിശോധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ പേരെടുത്തു കുറ്റപ്പെടുത്തിയതു ജി.സുധാകരനെ മാത്രമാണ്. അമ്പലപ്പുഴയിലെ വീഴ്ച മാത്രം സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷിച്ചു. സലാം ജയിച്ചല്ലോയെന്ന സുധാകരന്റെ വാദമൊന്നും വിലപോയില്ല.
എളമരം കരീമും കെ.ജെ. തോമസും അടങ്ങിയ അന്വേഷണ കമ്മീഷൻ 22 കുറ്റങ്ങളാണു അദ്ദേഹത്തിനെതിരെ ചുമത്തിയത്. 2021 നവംബറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി സുധാകരനെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളർത്തിയതിനെ തുടർന്നാണ് പാർട്ടി വേദികളിൽ നിന്ന് സുധാകരൻ അകന്നുതുടങ്ങിയത്. 2021 ലെ നടപടിയുടെ രേഖ കഴിഞ്ഞ വർഷം പുറത്തുവന്നു. ഇതു പാർട്ടിയിലെ എതിരാളികൾ അദ്ദേഹത്തെ അപമാനിക്കാൻ ചെയ്തതാണെന്ന വിമർശനം ഒരുവശത്തുനിന്ന് ഉയർന്നു. മറുവശത്ത് പാർട്ടി ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ അപമാനിക്കുന്ന കുറിപ്പുകളുമിട്ടു.
വെട്ടിത്തുറന്നുപറച്ചിലിൽ വെട്ടിലായ പാർട്ടിയും സുധാകരനും
ആലപ്പുഴയിൽ സി.പി.എമ്മിന് അത്ര പെട്ടന്ന് തള്ളിക്കളയാൻ കഴിയുന്ന ഒരു പേരല്ല ജി. സുധാകരന്റേത്. 1970-ൽ എസ്.എഫ്.ഐ. രൂപവത്കരിക്കുമ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. 43 വർഷം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ഏഴുതവണ നിയമസഭയിലേക്കു മത്സരിച്ച സുധാകരൻ നാലുതവണ ജയിച്ചു. അതിൽ രണ്ടുതവണ മന്ത്രിയായി. ആലപ്പുഴ നഗരസഭാ പ്രതിപക്ഷനേതാവായും പ്രഥമ ജില്ലാ കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചു. 2022 -ലാണ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്.
സുധാകരന്റെ വെട്ടിത്തുറന്നുപറച്ചിലുകൾ പലപ്പോഴും പാർട്ടിയേയും അദ്ദേഹത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയിൽ എൻ.ജി.ഒ. യൂണിയൻ യോഗത്തിൽ തപാൽ ബാലറ്റ് തിരുത്തിയെന്ന സുധാകരന്റെ പരാമർശം വിവാദമായിരുന്നു. 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ച് താനുൾപ്പെടെയുള്ളവർ തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. ഇതു പിന്നീട് കേസാകുകയും ചെയ്തു.
താൻ അല്പം ഭാവന കലർത്തി തമാശരൂപേണ പറഞ്ഞ കാര്യമാണെന്ന് സുധാകരന് വിശദീകരിക്കേണ്ടിയും വന്നു. ബാലറ്റ് തിരുത്തിയതു സംബന്ധിച്ച് തെളിവു കിട്ടാത്തതിനാൽ കേസ് മുന്നോട്ടുപോയതുമില്ല. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോൾ സുധാകരനെ പാടേ അവഗണിക്കില്ലെന്നും ജില്ലയിൽ എവിടെയും പാർട്ടി പരിപാടികളിൽ അദ്ദേഹത്തിനു പങ്കെടുക്കാമെന്നും നേതൃത്വം പറഞ്ഞിരുന്നു. ജില്ലാ കമ്മിറ്റിയുമായുള്ള തർക്കം മൂലം അത് നടന്നില്ല. ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങൾക്കു വിളിച്ചിരുന്നില്ല. ഇത്തവണ പുന്നപ്ര- വയലാർ വാർഷിക പരിപാടിയിൽ നിന്ന് സുധാകരനെ ഒഴിവാക്കി. തുടർന്ന് അദ്ദേഹം ഏകനായി രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയതു വാർത്തയായിരുന്നു.
വി.എസ് സ്മാരക കേരള പുരസ്കാരം കുട്ടനാട്ടിൽ വച്ച് എസ്.രാമചന്ദ്രൻ പിള്ളയ്ക്കു സമ്മാനിക്കുന്ന ചടങ്ങിലേക്കു വലിയൊരു ഇടവേളക്കുശേഷം ക്ഷണിച്ചെങ്കിലും സുധാകരൻ പങ്കെടുത്തില്ല. 'കുട്ടനാട്ടിൽ നമ്മുടെ ആവശ്യമില്ല, അവർ നടത്തിക്കോളും, അവിടെ ആളുണ്ട്' എന്ന അദ്ദേഹത്തിന്റെ പരാമർശത്തെ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ മന്ത്രി സജി ചെറിയാനെ വിമർശിച്ചും സുധാകരൻ രംഗത്തെത്തി. സുധാകരൻ പാർട്ടിയോടു ചേർന്നുപോകണമെന്ന് സജി ചെറിയാന്റെ വാക്കുകളാണ് പ്രകോപിപ്പിച്ചത്. തന്നെ ഉപദേശിക്കാനുള്ള പ്രായമോ അർഹതയോ പ്രത്യയശാസ്ത്രബോധമോ സജിക്ക് ഇല്ലെന്നായിരുന്നു സുധാകരന്റെ പരിഹാസം. ടി.ജെ.ആഞ്ചലോസിനെതിരായ സി.പി.എം നടപടി തന്റെ അറിവോടെയല്ലെന്ന് സി.പി.ഐ വേദിയിൽ സുധാകരൻ പറഞ്ഞതും വിവാദമായി. കഴിഞ്ഞ വർഷം കോൺഗ്രസ് സംഘടിപ്പിച്ച ചില പരിപാടികളിൽ സുധാകരൻ പങ്കെടുത്തതിനും പാർട്ടിക്കുള്ളിൽ വിമർശനമുണ്ടായി.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്മാര് കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ!










Click it and Unblock the Notifications