ബീഫ് വില വര്‍ധിപ്പിക്കാന്‍ തീരുമാനം; ഇനി 360 രൂപ മതിയാകില്ല, അനുബന്ധ വസ്തുക്കള്‍ക്ക് വിലയില്ല
കോഴിക്കോട്: മലബാര്‍ മേഖലയില്‍ ബീഫ് വില വര്‍ധിക്കും. 100 രൂപ വര്‍ധിപ്പിക്കാന്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. നിലവില്‍ എല്ല് ഉള്‍പ്പെടുന്ന ഇറച്ചിക്ക് 340 രൂപയും എല്ല് ഇല്ലാത്തതിന് 360 രൂപയുമാണ് വില. ഇത് യഥാക്രമം 400, 460 രൂപയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. ഉപഭോക്താക്കള്‍ സഹകരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പോത്തുകളെ എത്തിച്ചിരുന്നത്. ഇങ്ങനെ കൊണ്ടുവരുന്നവരെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായി പോത്തുകളെ കൊണ്ടുവരാന്‍ സാധിക്കുന്നില്ല. കന്നുകാലികളുടെ ലഭ്യത കുറഞ്ഞത് ബീഫിന്റെ വില കൂടാനുള്ള ഒരു കാരണമാണ്.

അതേസമയം, തുകല്‍, നെയ്യ്, എല്ല് എന്നിവയുടെ വില ഇടിഞ്ഞതും ഇറച്ചി വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയെന്ന് വ്യാപാരികള്‍ പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ക്ക് അനിയന്ത്രിതമായ രീതിയില്‍ വില കൂടിയിട്ടുണ്ടെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടികെ സാദിഖ് പറഞ്ഞു. തെക്കന്‍ കേരളത്തില്‍ നേരത്തെ ഉയര്‍ന്ന വില ഈടാക്കുന്നുണ്ട്.
കേരളത്തിലെ മിക്ക ജില്ലകളിലും ബീഫിന് 400 രൂപയ്ക്ക് മുകളിലാണ് കിലോയുടെ വില. ചില സ്ഥലങ്ങളില്‍ 480-500 രൂപ വരെ ഈടാക്കുന്നുണ്ട്. ഇറച്ചി മാത്രമായി വില്‍ക്കുന്നതിനാണ് ഉയര്‍ന്ന വില. എല്ല് കൂടി ഉള്‍പ്പെടുത്തി വില്‍ക്കുമ്പോള്‍ അല്‍പ്പം വില കുറയും. മലപ്പുറം ജില്ലയിലെ പലയിടത്തും 360-400 രൂപയാണ് വില. പോത്ത് അല്ലാത്ത കന്നുകാലികള്‍ക്ക് 340-360 രൂപ നിരക്കില്‍ ലഭ്യമാണ്. ഇവയുടെ വിലയും ഉയര്‍ത്താനുള്ള ചര്‍ച്ച നടക്കുന്നുണ്ട്.
മലബാറില്‍ ജൂലൈ 15 മുതലാണ് പോത്ത്, മൂരി ഇറച്ചികളുടെ വില വര്‍ധിപ്പിക്കുന്നത് എന്ന് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കാര്യമായും കേരളത്തിലേക്ക് കന്നുകാലികളെ എത്തിച്ചിരുന്നത്. ഇവിടെ വില കുതിച്ചുയര്‍ന്നു. ഉയര്‍ന്ന വില കൊടുത്ത വാങ്ങി ഇവിടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കില്ലെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.
അതേസമയം, ചിക്കന്‍, മല്‍സ്യ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും വില കൂടിയത് ഉള്‍പ്പെടെയാണ് വ്യാപാരികള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചിക്കന്‍ ഇറച്ചി വില 220 രൂപയാണ് ഈടാക്കുന്നത്. ചില സ്ഥലങ്ങളില്‍ നേരിയ വ്യത്യാസമുണ്ട്. നേരത്തെ 160 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി വില കുറയുന്നില്ലെന്നും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു. ട്രോളിങ് നിരോധനമാണ് മല്‍സ്യ വില കൂടുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്ന കാര്യം.















Click it and Unblock the Notifications