'അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ പെരുമാറി'; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കോഴിക്കോട് ജെഎഫ്എംസി - 4 കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കഴിഞ്ഞ മാസം 26 ന് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ പിശക് കണ്ടെത്തിയതോടെ ഇത് തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് പിഴവുകൾ തിരുത്തി വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. 180 പേജാണ് കുറ്റപത്രം ഉള്ളത്.

ഒക്ടോബർ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയർത്തിയ മീഡിയ വൺ ചാനലിലെ വനിത മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യം തന്നെ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവർത്തിച്ചു. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെയാണ് ഇവർ നടനെതിരെ കേസ് കൊടുത്തത്.
മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. പിന്നീട് 354ാം വകുപ്പ് കൂടി നടനെതിരെ കൂട്ടിച്ചേർത്തിരുന്നു. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള സ്പർശനം എന്ന കുറ്റത്തിനുള്ള 354 വകുപ്പാണ് ചേര്‍ത്തത്. പൊതു സ്ഥലത്ത് സ്ത്രീകളോട് ലൈഗിംക ചുവയോടെ പെരുമാറുന്നതിനെതിരായുള്ള കേരള പോലീസ് ആക്ട് 119 എയും സുരേഷ് ഗോപിക്കെതിരെ ചേർത്തിരുന്നു.
കേസിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനാണ് പരാതിക്കാരി രഹസ്യമൊഴി നൽകിയത്. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയും പോലീസ് എടുത്തിരുന്നു. കേസില്‍ നേരത്തെ നടക്കാവ് പോലീസ് സുരേഷ് ഗോപിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
നേരത്തേ സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ കേസുമായി താൻ മുന്നോട്ട് പോകുമെന്നായിരുന്നു മാധ്യമപ്രവർത്തക വ്യക്തമാക്കിയത്. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണ് നടന്റെ പെരുമാറ്റം എന്നും മാധ്യമപ്രവർത്തക തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications